
ജൂലൈ 3
1. പ്രധാനമന്ത്രി നരേന്ദ്രേമോദി ഘാനയില്‍ എത്തി. അഞ്ച് രാജ്യങ്ങളിലെ പര്യടനത്തിന്റെ ഭാഗമായിട്ടാണ് മോദി ഘാനയിലെത്തിയത്. ഘാനയുടെ തലസ്ഥാനമായ അക്രയില്‍ മോദിയെ പ്രസിഡന്റ് ജോണ്‍ ദ്രാമനി മഹാമ സ്വീകരിച്ചു. ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ, അര്‍ജന്റീന, ബ്രസീല്‍, നമീബിയ എന്നീ രാജ്യങ്ങളിലും മോദി സന്ദര്‍ശനം നടത്തും.
2. തിരുവനന്തപുരത്തെ ബ്രഹ്മോസ് എയ്റോസ്പേസിന് ലിമിറ്റഡിനെ പ്രതിരോധ ഗവേഷണ വികസന സ്ഥാപനം (ഡിആര്‍ഡിഒ) ഏറ്റെടുക്കും.
3. മില്‍മ, സഹകരണ ക്ഷീരോല്പാദക മേഖലാ യൂണിയനുകള്‍, ക്ഷീരസംഘങ്ങള്‍ എന്നിവയ്ക്കും വിവരാവകാശ നിയമം ബാധകമാണെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷന്.
4. അയ്യങ്കാളി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹിസ്റ്റോറിക്കല്‍ സ്റ്റഡീസ് ഏര്‍പ്പെടുത്തിയ അയ്യങ്കാളി പ്രതിഭാ പുരസ്കാര്തതിന് നാടന്‍പാട്ട് കലാകാരിയായ പ്രസീത ചാലക്കുടി അര്‍ഹയായി.
5. ഇന്ത്യാക്കാര്‍ അരിയും ധാന്യങ്ങളും ഭക്ഷിക്കുന്നത് കുറയ്ക്കുകയും പാല് കൂടുതല്‍ കുടിക്കുകയും ചെയ്യുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഗാര്‍ഹിക ഉപഭോഗ ചെലവ് സര്‍വേ. 2022 മുതല്‍ 2024 ജൂലൈ വരെയുള്ള കാലയളവിലാണ് സര്‍വേ നടന്നത്.
6. ഡോക്ടറും നഴ്സുമല്ലാത്ത ആരോഗ്യപ്രവര്‍ത്തകരെ പാരാമെഡിക്കല്‍ സ്റ്റാഫ് എന്നതിന് പകരം അലൈഡ് ആന്‍ഡ് ഹെല്‍ത്ത്കെയര്‍ ജീവനക്കാര്‍ എന്ന് വിളിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചു.
7. മലയാളിയായ ഡോ അനില്‍ മേനോന് അടുത്തവര്‍ഷം നാസ നടത്തുന്ന രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് നടത്തുന്ന ദൗത്യത്തില്‍ പങ്കെടുക്കും.
8. വെള്ളപ്പൊക്കത്തെക്കുറിച്ച് 2 ദിവസം മുമ്പേ മുന്നറിയിപ്പ് നല്‍കാനുള്ള ഏകീകൃത സംവിധാനം സി ഫ്ളഡ് കേന്ദ്ര ജലശക്തി മന്ത്രി സി ആര് പാട്ടീല്‍ ഉദ്ഘാടനം ചെയ്തു.
9. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി. ഒന്നാം ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിലും ഗില്‍ സെഞ്ച്വറി നേടിയിരുന്നു.
10. ഇന്ത്യന്‍ ഫുട്ബോള്‍ പരിശീലകന് മനോലോ മാര്‍ക്കേസ് രാജിവച്ചു. ഐഎസ്എല്ലില്‍ എഫ്സി ഗോവയുടേയും പരിശീലകനാണ് സ്പെയിന്‍കാരനായ മാനോലോ മാര്‍ക്കേസ്.
11. 2036-ലെ ഒളിമ്പിക് വേദിയാകാനുള്ള മത്സരത്തില്‍ ഗുജറാത്തിലെ അഹമ്മദാബാദും.
ജൂലൈ 4

ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍.
1. പോര്‍ച്ചുഗല്‍ ഫുട്ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു. സ്പാനിഷ് നഗരമായ സമോറയില്‍ നടന്ന കാറപകടത്തിലാണ് ഡിയോഗോയും സഹോദരന് ആന്ദ്രേ സില്‍വയും കൊല്ലപ്പെട്ടത്. ആന്ദ്രേയും ഫുട്ബോള്‍ താരമാണ്. ഇംഗ്ലീഷ് ക്ലബ് ലിവര്‍പൂളിന്റെ താരമാണ് ഡിയോഗോ. ലിവര്‍പൂളിനായി 123 മത്സരങ്ങളില്‍നിന്നും 47 ഗോളുകള്‍ നേടി. 2022-ല്‍ എഫ്എ കപ്പും 2022, 2024 സീസണുകളില്‍ ലീഗ് കപ്പും നേടി. 2019-ല്‍ പോര്‍ച്ചുഗല്‍ ദേശീയ ടീമില്‍ അരങ്ങേറിയ ഡിയോഗോ 49 മത്സരങ്ങളില്‍നിന്നും 14 ഗോളുകളും നേടിയിട്ടുണ്ട്.
2. ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് ടെസ്റ്റില്‍ കന്നി ഇരട്ട സെഞ്ച്വറി (269). ഇംഗ്ലണ്ടില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ ഏഷ്യന്‍ ക്യാപ്റ്റനാണ് ഗില്‍. ടെസ്റ്റ് ഇന്നിങ്സില്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ഉയര്‍ന്ന സ്കോര്‍. വിരാട് കോലിയെ (254 റണ്‍സ്) ആണ് ഗില്‍ മറികടന്നത്. ഏഷ്യയ്ക്ക് പുറത്ത് ഒരു ഇന്ത്യന്‍ താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡില്‍ സചിന് ടെണ്ടുല്‍ക്കറെ (241 നോട്ടൗട്ട്) ഗില്‍ പിന്നിലാക്കി. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും ഗില്‍ നേടി. 46 വര്‍ഷം പഴക്കമുള്ള സുനില്‍ ഗവാസ്കറുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. 1979-ല്‍ ഗവാസ്കര്‍ ഇംഗ്ലണ്ടിനെതിരെ 221 റണ്‍സ് നേടിയിരുന്നു. ഡബിള്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്ടനാണ് ഗില്‍. ഇംഗ്ലണ്ടില്‍ ഡബിള്‍ സെഞ്ച്വറിന നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. സുനില്‍ഗവാസ്കറും രാഹുല്‍ദ്രാവിഡും ഇതിന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
3. ആഫ്രിക്കൻ രാജ്യമായ ഘാനയിൽ സന്ദർശനം നടത്തുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാജ്യത്തിന്റെ ഏറ്റവും വലിയ ബഹുമതിയായ ദി ഓഫീസർ ഓഫ് ദി ഓർഡർ ഓഫ് ദ് സ്റ്റാർ ഓഫ് ഘാന പുരസ്കാരം ലഭിച്ചു. ഘാനയുമായുള്ള ഇന്ത്യയുടെ വ്യാപാരം 5 വർഷത്തിനുള്ളിൽ ഇരട്ടിയാക്കാൻ ധാരണയായി.
4. യുക്രെയ്നിന്റെ മിസൈലാക്രമണത്തിൽ റഷ്യൻ നാവികസേന ഉപമേധാവി മേജർ ജനറൽ മിഖായേൽ ഗുഡ്കോവ് കൊല്ലപ്പെട്ടു.
5. സൗരയൂഥത്തിന് പുറത്തുള്ള ഇന്റര്‍സ്റ്റെല്ലാര്‍ മേഖലയില്‍നിന്നും സൗരയൂഥത്തിലേക്ക് എത്തിയ മൂന്നാമത്തെ വസ്തുവിനെ നാസ കണ്ടെത്തി. 3ഐ/അറ്റ്ലസ് എന്ന പേരിലുള്ള വാല്‍നക്ഷത്രമാണ് ഈ വസ്തു. ചിലിയിലെ റയോഹര്ട്ടാഡോയിലുള്ള നാസയുടെ അറ്റ്ലസ് ടെലസ്കോപ്പാണ് ഈ വാല്‍നക്ഷത്രത്തെ കണ്ടെത്തിയത്. സജിറ്റേറിയസ് താരാപഥത്തിന്റെ ദിശയില്‍നിന്നും വരുന്ന ഇത് നിലവില്‍ ഭൂമിയില്‍നിന്നും 67 കോടി കിലോമീറ്റര്‍ അകലെയാണുള്ളത്. 2017-ല്‍ കണ്ടെത്തിയ ഔമാമുവ എന്ന ബഹിരാകാശശില, 2019-ല്‍ ബോറിസോവ് എന്ന ഇന്റര്‍സ്റ്റെല്ലാര്‍ വാല്‍നക്ഷത്രത്തേയും കണ്ടെത്തിയിരുന്നു.
6. ഹോളിവുഡിലെ വോക്ക് ഓഫ് ഫെയിമില്‍ ഇന്ത്യന്‍ നടി ദീപിക പദുക്കോണ്‍ ഇടംപിടിച്ചു. ലൊസാഞ്ചലസിലെ ഹോളിവുഡ് ഡിസ്ട്രിക്ടിന്റെ നടപ്പാതിയിലെ 2813 പിത്തള നക്ഷത്രങ്ങളില്‍ ഒന്നില്‍ ദീപികയുടെ പേര് രേഖപ്പെടുത്തും. ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ നടന് സാബു ദസ്തംഗീറിന്റെ പേര് മുമ്പ് വോക്ക് ഓഫ് ഫെയിമില്‍ ഇടംപിടിച്ചിട്ടുണ്ട്.
7. ഔദ്യോഗിക വസതിയോട് ചേര്‍ന്ന മുറിയില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവത്തില്‍ ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ കുറ്റവിചാരണ (ഇംപീച്ച്മെന്റ്) ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഡല്‍ഹി ഹൈക്കോടതിയില്‍ ജഡ്ജി ആയിരുന്നപ്പോഴാണ് വര്‍മ്മയുടെ വീട്ടില്‍നിന്നും അനധികൃതമായി ചാക്കില്‍ കെട്ടി സൂക്ഷിച്ച പണം കണ്ടെത്തിയത്. നിലവില്‍ അലഹബാദ് ഹൈക്കോടതിയിലാണ് വര്‍മ്മ ജോലി ചെയ്യുന്നത്. ഇംപീച്ച്മെന്റ് പ്രമേയം ലോകസഭയിലാണോ രാജ്യസഭയിലാണോ ആദ്യം അവതരിപ്പിക്കുകയെന്ന് തീരുമാനമായിട്ടില്ല. ലോകസഭയില്‍ ആണെങ്കില്‍ പ്രമേയത്തില്‍ 100 എംപിമാരുടേയും രാജ്യസഭയിലാണെങ്കില്‍ 50 എംപിമാരുടേയും ഒപ്പ് വേണം.
8. ആര്‍ബിഐ അണ്ലോക്ഡ്; ബിയോണ്ട് ദ് റുപ്പി എന്ന വെബ്സീരീസില്‍ ജിയോ ഹോട്ട് സ്റ്റാര്‍ റിസര്‍വ് ബാങ്കിന്റെ കരുതല്‍ സ്വര്‍ണശേഖരത്തെക്കുറിച്ച് അവതരിപ്പിക്കുന്നു.
9. ഇനേര്‍ഷ്യല്‍ സെന്‍സറുകള്‍ ഉള്‍പ്പെടെ 10 സാങ്കേതികവിദ്യകള്‍ ഐഎസ്ആര്‍ഒ ആറ് സ്വകാര്യ വ്യവസായ സ്ഥാപനങ്ങള്‍ക്ക് കൈമാറി. വിദേശത്തുനിന്നും സാങ്കേതിക വിദ്യ ഇറക്കുമതി കുറയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണിത്.
10. ഡെങ്കിപ്പനിക്കെതിരായി വികസിപ്പിക്കുന്ന തദ്ദേശീയ വാക്സിനായ ഡെങ്കിഓള്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ആദ്യപകുതി വിജയകരമാണെന്ന് നിര്‍മ്മാതാക്കളായ പനാസിയ ബയോടെക് ലിമിറ്റഡ് അറിയിച്ചു.
11. നോര്‍വേ ചെസിന് പിന്നാലെ ഗ്രാന്‍ഡ് ചെസ് ടൂര്‍ണമെന്റിന്റെ ഭാഗമായുള്ള സൂപ്പര്‍ യുണൈറ്റഡ് റാപിഡ് ചെസില്‍ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണെ ലോക ചാമ്പ്യനായ ഡി ഗുകേഷ് പരാജയപ്പെടുത്തി.
12. ഫിഡെയുടെ ലോക കെഡറ്റ്സ് കപ്പ് ചെസില്‍ മലയാളിയായ ദിവി ബിജേഷിന് സ്വര്‍ണം. ഗേള്‍സ് അണ്ടര്‍ 10 വിഭാഗത്തിലാണ് സ്വര്‍ണം നേടിയത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ മൂന്ന് സ്വര്‍ണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടി. ഓപ്പണ്‍ അണ്ടര്‍ 10 വിഭാഗത്തില്‍ സര്ബാര്തോ മണി, ഗേള്‍സ് അണ്ടര്‍ 12 വിഭാഗത്തില്‍ പ്രതിതി ബൊര്ദലോയ് എന്നിവരാണ് സ്വര്‍ണ്ണം നേടിയത്.
13. അണ്ടർ 19 ഏകദിന ക്രിക്കറ്റിലെ ഒരു മത്സരത്തിൽ കൂടുതൽ സിക്സർ നേടുന്ന താരമായി വൈഭവ് സൂര്യവംശി. ഇംഗ്ലണ്ടിനെതിരായ മത്സരത്തിൽ ഒമ്പത് സിക്സുകൾ താരം നേടി.
14. ഗൂഗിള്‍ ക്ലൗഡിന്റെ ഇന്ത്യ വിഭാഗം മാനേജിങ് ഡയറക്ടറായി മലയാളിയായ ശശികുമാര്‍ ശ്രീധരനെ നിയമിച്ചു.
15. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബിഗ് ബ്യൂട്ടിഫുള്‍ ബജറ്റ് ബില്ലിന് യുഎസ് ജനപ്രതിനിധി സഭ അംഗീകരിച്ചു. 218 പേര് അനുകൂലിച്ചു വോട്ട് ചെയ്തു. 214 പേര് എതിര്‍ത്തു. യുഎസ് സ്വാതന്ത്ര്യദിനമായ ജൂലായ് 4-ന് ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമമായി മാറും.
16. ഗാന്ധിയന്‍ പി ഗോപിനാഥന് നായരുടെ സ്മരണാര്‍ത്ഥം ഗാന്ധിമിത്രമണ്ഡലം ഏര്‍പ്പെടുത്തിയ രണ്ടാമത് സര്‍വധര്‍മ്മ പുരസ്കാരത്തിന് ഗാന്ധിസ്മാരകനിധി അഖിലേന്ത്യാ ചെയര്മാന് രാമചന്ദ്ര റാഹിയെ തിരഞ്ഞെടുത്തു.
17. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ ബാറ്ററുടെ ഉയര്‍ന്ന സ്കോര്‍ എന്ന റെക്കോര്‍ഡും ഗില്‍ നേടി. 46 വര്‍ഷം പഴക്കമുള്ള സുനില്‍ ഗവാസ്കറുടെ റെക്കോര്‍ഡാണ് തകര്‍ന്നത്. 1979-ല്‍ ഗവാസ്കര്‍ ഇംഗ്ലണ്ടിനെതിരെ 221 റണ്‍സ് നേടിയിരുന്നു. ഡബിള്‍ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യന്‍ ക്യാപ്ടനാണ് ഗില്‍. ഇംഗ്ലണ്ടില്‍ ഡബിള്‍ സെഞ്ച്വറിന നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ഗില്‍. സുനില്‍ഗവാസ്കറും രാഹുല്‍ദ്രാവിഡും ഇതിന് മുമ്പ് ഇരട്ട സെഞ്ച്വറി നേടിയിട്ടുണ്ട്.
18. ഇന്ത്യയിലെ ആദ്യത്തെ ഏറ്റവും വലിയ സൗരോര്‍ജ്ജ ഷോപ്പിങ് മാള്‍ എന്ന റെക്കോര്‍ഡ് നേടാന്‍ കോഴിക്കോട് ഹൈലൈറ്റ് മാള്‍ ഒരുങ്ങുന്നു.
ജൂലൈ 5
1. ഓട്ടോ എക്സ്പോയ്ക്ക് പകരമായി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ച ഭാരത് മൊബിലിറ്റി ഗ്ലോബല്‍ എക്സ്പോയുടെ മൂന്നാം പതിപ്പ് ന്യൂഡല്‍ഹിയിലെ പ്രഗതി മൈതാനം, ദ്വാരക യശോഭൂമി, ഇന്ത്യ എക്സ്പോ സെന്റര്‍, ഗ്രേറ്റര്‍ നോയിഡ എന്നിവിടങ്ങളില്‍ നടക്കും.
2. കപ്പൽ നിർമ്മാണ രംഗത്തെ പ്രമുഖരായ എച്ച്ഡി കൊറിയ ഷിപ്പ് ബിൽഡിങ് ആൻഡ് ഓഫ്ഷോർ എഞ്ചിനീയറിങ്ങുമായി കൊച്ചിൻ ഷിപ്പ് യാർഡ് ധാരണാ പത്രത്തിൽ ഒപ്പുവച്ചു. ഇന്ത്യയിലും വിദേശത്തും പുതിയ കപ്പൽ നിർമ്മാണത്തിനുള്ള അവസരങ്ങൾ കണ്ടെത്തുക, സാങ്കേതിക വൈദഗ്ദ്ധ്യം പങ്കുവച്ച് ആഗോള നിലവാരത്തിലേക്ക് ഉയരുക, ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കുക തുടങ്ങിയ പ്രധാന മേഖലകളിൽ ഒരുമിച്ച് പ്രവർത്തിക്കും.
3. അഞ്ച് രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്രിനിഡാഡ് ആന്‍ഡ് ടുബാഗോയില്‍ എത്തി. മോദിക്ക് ട്രിനിഡാഡിന്റെ പരമോന്നത സിവിലയന്‍ ബഹുമതി പ്രസിഡന്റ് ക്രിസ്റ്റീന്‍ കാംഗലു സമ്മാനിച്ചു.
4. ഹോളിവുഡ് താരം മൈക്കൽ മാഡ്സൺ അന്തരിച്ചു. റെസർവ്വാർ ഡോഗ്സ്, കിൽ ബിൽ, ദ് ഹെയ്റ്റ്ഫുൾ എയ്റ്റ്, വൺസ് അപ്പോൺ എ ടൈം ഇൻ ഹോളി വുഡ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
5. ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ജീവിച്ച ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ശുഭാംശു ശുക്ലയ്ക്ക് ലഭിച്ചു. 7 ദിവസം 21 മണിക്കൂര്‍ 40 മിനിറ്റ് എന്ന രാകേഷ് ശര്‍മ്മയുടെ റെക്കോര്‍ഡ് ശുഭാംശു മറികടന്നു. ആക്സിയം 4 ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്ത് എത്തിയ ശുഭാംശു അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലാണുള്ളത്. ശുഭാംശു ബഹിരാകാശനിലയത്തില്‍ നടത്തിയ ടാര്‍ഡിഗ്രേഡ് പരീക്ഷണം പൂര്‍ത്തിയായി. സൂക്ഷ്മിജിവികളായ ടാര്‍ഡിഗ്രേഡുകളുടെ ബഹിരാകാശത്തെ അതിജീവനം, പ്രജനനം തുടങ്ങിയവ നിരീക്ഷിക്കുന്നതായിരുന്നു ഗവേഷണം.
6. സബ് ലെഫ്റ്റനന്റ് ആസ്ത പൂനിയ ഇന്ത്യന്‍ നാവികസേനയിലെ ആദ്യ വനിത ഫൈറ്റര്‍ പൈലറ്റായി. വിശാഖപട്ടണത്തിലെ ഐഎന്‍എസ് ദേഗയില്നിന്നാണ് ആസ്ത പരിശീലനം പൂര്‍ത്തിയാക്കിയത്. വിങ്സ് ഓഫ് ഗോള്‍ഡ് പുരസ്കാരം ആസ്ത നേടി.
7. സ്പോട്ടിഫൈയില്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള ഗായകരില്‍ ഇന്ത്യക്കാരനായ അരിജീത് സിങ് ഒന്നാമതെത്തി. 15.1 കോടി പേര് അരിജീതിനെ പിന്തുടരുന്നു.
8. നീരജ് ചോപ്ര ക്ലാസിക് ജാവലിന്‍ ത്രോ മത്സര വേദി ബംഗളുരു. 11 ലോകോത്തര താരങ്ങള്‍ പങ്കെടുക്കും. ഇന്ത്യ വേദിയാകുന്ന ആദ്യ രാജ്യാന്തര ജാവലിന്‍ ത്രോ മത്സരമാണിത്. നീരജ് ചോപ്ര, തോമസ് റഹ്ലര്‍, ജൂലിയസ് യെഗോ എന്നീ ഒളിമ്പിക് മെഡല്‍ ജേതാക്കള്‍ പങ്കെടുക്കും.
9. അഫ്ഗാനിസ്ഥാനിലെ താലിബാന് നേതൃത്വത്തിലുള്ള സര്‍ക്കാരിനെ റഷ്യ ഔദ്യോഗികമായി അംഗീകരിച്ചു. താലിബാന് ഭരണകൂടത്തെ അംഗീകരിക്കുന്ന ആദ്യ രാജ്യാമാണ് റഷ്യ.
10. പത്മശ്രീ ജേതാവ് മുനീശ്വര്‍ ചന്ദ്ര ദാവര്‍ അന്തരിച്ചു. കുറഞ്ഞ ചെലവില്‍ ജനങ്ങള്‍ക്ക് ആശുപത്രി സേവനം നല്കുകയെന്നതായിരുന്നു ദാവറിന്റെ ലക്ഷ്യം.
11. മുന്ഫുട്ബോള് താരം സി എം ശിവരാജന് അന്തരിച്ചു. വാസ്കോ ഗോവയുടെ പ്രധാന താരമായിരുന്നു. ഗോവയ്ക്കുവേണ്ടി സന്തോഷ് ട്രോഫി ടൂര്‍ണമെന്റില്‍ ബൂട്ടണിഞ്ഞിട്ടുണ്ട്.
12. നൈജീരിയയുടെ എക്കാലത്തേയും മികച്ച ഗോള്‍ കീപ്പര്‍മാരില്‍ ഒരാളായ പീറ്റര്‍ റുഫായ് അന്തരിച്ചു. 65 തവണ ദേശീയ ടീമിനുവേണ്ടി മത്സരിച്ചിട്ടുണ്ട്. 1994, 1998 ഫുട്ബോള്‍ ലോകകപ്പുകളില്‍ ക്യാപ്റ്റനായിരുന്നു. 1994-ല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് നേടിയ ടീമില്‍ അംഗമായിരുന്നു.
13. വൈക്കം മുഹമ്മദ് ബഷീറിന്റെ നോവലായ മതിലുകള്‍ പ്രസിദ്ധീകരിച്ചിട്ട് അറുപത് വര്‍ഷം തികഞ്ഞു.
14. ഇംഗ്ലീഷ് ഫുട്ബോള്‍ ക്ലബ്ബായ ലിവര്‍പൂളില്‍ 20-ാം നമ്പര്‍ ജഴ്സി പിന്‍വലിച്ചു. കഴിഞ്ഞ ദിവസം കാറപകടത്തില്‍ കൊല്ലപ്പെട്ട ക്ലബ് താരം ദിയോഗ ജോട്ടയുടെ ഓര്‍മ്മയ്ക്കായാണ് ഈ നമ്പര്‍ ജഴ്സി വിരമിക്കുന്നത്. പോര്‍ച്ചുഗല്‍ ദേശീയ താരമാണ് ജോട്ട.

സഞ്ജു സാംസണ്
ജൂലൈ 6
1. അഞ്ച് രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അര്‍ജന്റീനയില്‍ എത്തി. അര്‍ജന്റീനയുടെ പ്രസിഡന്റ് ഹവിയര്‍ മിലൈയുമായി മോദി ചര്‍ച്ച നടത്തി.
2. ഭൂമിയുടെ ഇരട്ടി വലുപ്പമുള്ള പുതിയ ഗ്രഹത്തെ കണ്ടെത്തി. 720 കോടി വര്‍ഷം പഴക്കമുണ്ട്. സൂര്യനില്‍നിന്നും 154 പ്രകാശ വര്‍ഷം അകലെ സ്ഥിതി ചെയ്യുന്നു. ജലം ഉണ്ടാകാന്‍ സാധ്യത. സൗരയൂഥത്തിന് അടുത്തുള്ള രണ്ട് ലക്ഷത്തോളം നക്ഷത്രങ്ങളെ നിരീക്ഷിക്കുന്ന ടെസ് ഉപഗ്രഹമാണ് ഒരു ചുവപ്പ് കുള്ളന്‍ നക്ഷത്രത്തെ വലംവയ്ക്കുന്ന എക്സോപ്ലാനറ്റിനെ കണ്ടെത്തിയത്.
3. ഇസ്രായേല്‍ എയ്റോസ്പേസ് ഇന്‍ഡസ്ട്രീസ് (ഐഎഐ) വികസിപ്പിച്ച എയര്‍ ലോറ മിസൈലുകള്‍ ഇന്ത്യ വാങ്ങും. ആകാശത്തുനിന്നും ഭൂമിയിലെ കേന്ദ്രങ്ങളെ ആക്രമിക്കാന്‍ ഉപയോഗിക്കാന്‍ സാധിക്കും.
4. പ്രശസ്ത ഓസ്ട്രേലിയന്‍ ചലച്ചിത്ര താരം ജൂലിയന്‍ മക്മഹോന് അന്തരിച്ചു. ദ് പവര്‍, ദ് പാഷന് തുടങ്ങിയ ടിവി പരമ്പരകളില്‍ അഭിനിയിച്ചു. ഫന്റാസ്റ്റിക് ഫോര്‍ എന്ന സിനിമയിലെ ഡോ ഡൂം എന്ന കഥാപാത്രം പ്രശസ്തമാണ്.
5. ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാമിന്നിങ്സിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് സെഞ്ച്വറി. ആദ്യ ഇന്നിങ്സില്‍ ഇരട്ട സെഞ്ച്വറി നേടിയ ഗില്‍ രണ്ടാമിന്നിങ്സില്‍ 161 റണ്‍സ് എടുത്തു. ഒരു ടെസ്റ്റ് മത്സരത്തില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യക്കാരനെന്ന റെക്കോര്‍ഡ് ഗില്‍ സ്വന്തമാക്കി. ലോക താരങ്ങളില്‍ രണ്ടാം സ്ഥാനവും ഗില്ലിനാണ്. ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ടിന്റെ ഗ്രഹാം ഗൂച്ച് ആണ്. 35 മുമ്പ് ഗൂച്ച് നേടിയ 456 റണ്‍സാണ് ഒന്നാം സ്ഥാനത്ത്.
6. പുരുഷ 800 മീറ്റര്‍ ഓട്ടം മത്സരത്തിലുള്ള സ്വന്തം റെക്കോര്‍ഡ് മലയാളിയായ മുഹമ്മദ് അഫ്സല് തിരുത്തി. പോളണ്ടിലെ പൊസ്നനില് നടന്ന അത്ലറ്റിക് മീറ്റില്‍ 1:44:96 മിനിറ്റില്‍ ഓടിയെത്തിയ അഫ്സല് വെള്ളി മെഡല്‍ നേടി. 800 മീറ്റര്‍ 1.45 മിനിറ്റില്‍ താഴെ സമയത്തില്‍ ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് അഫ്സല്.
7. കേരള ക്രിക്കറ്റ് ലീഗ് (കെസിഎല്‍) രണ്ടാം സീസണിന്റെ താരലേലത്തില്‍ സഞ്ജു സാംസണിനെ റെക്കോര്‍ഡ് തുകയ്ക്ക് കൊച്ചി ബ്ലൂ ടൈഗേഴ്സ് സ്വന്തമാക്കി. 26.80 ലക്ഷം രൂപയ്ക്കാണ് ടൈഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്.
8. ബംഗളുരുവില്‍ നടന്ന നീരജ് ചോപ്ര ക്ലാസിക്ക് ജാവലിന്‍ ത്രോ മത്സരത്തില്‍ നീരജ് ചോപ്ര സ്വര്‍ണം നേടി. 86.18 മീറ്റര്‍ ദൂരമാണ് നീരജ് ജാവലിന്‍ എറിഞ്ഞത്. കെനിയയുടെ ജൂലിയസ് യെഗോ 84.51 മീറ്റര്‍ എറിഞ്ഞ് വെള്ളിയും ശ്രീലങ്കയുടെ റുമേഷ് പതിരംഗ 84.34 മീറ്റര്‍ എറിഞ്ഞ് വെങ്കലം നേടി.
9. ഇന്ത്യന്‍ വനിത ഫുട്ബോള്‍ ടീം വനിത ഏഷ്യന്‍ കപ്പിന് യോഗ്യ നേടി. 2026-ല്‍ ഓസ്ട്രേലിയയില്‍ എഎഫ്സി ഏഷ്യന്‍ കപ്പ് മത്സരം നടക്കും. ഇതാദ്യമായിട്ടാണ് ഇന്ത്യ യോഗ്യത മത്സരങ്ങള്‍ വിജയിച്ചത് യോഗ്യത നേടുന്നത്. 2003-ലാണ് ഇന്ത്യ അവസാനമായി ഏഷ്യന്‍ കപ്പ് കളിച്ചത്. അന്ന് യോഗ്യത റൗണ്ട് ഉണ്ടായിരുന്നില്ല.
10. അമേരിക്കയിലെ ടെക്സസില്‍ മിന്നല്‍ പ്രളയത്തില്‍ 27 പേര് കൊല്ലപ്പെട്ടു. മൂന്ന് മണിക്കൂറില്‍ ആറര ഇഞ്ച് മഴ പെയ്തു.
11. ഈ അധ്യയന വര്‍ഷത്തിലെ സംസ്ഥാന സ്കൂള്‍ കലോത്സവം 2026 ജനുവരി മൂന്ന് മുതല്‍ ഏഴ് വരെ തൃശൂരില്‍ നടക്കും. സംസ്ഥാന സ്കൂള്‍ കായിക മേഖല ഒളിമ്പിക് മാതൃകയില്‍ ഈ വര്‍ഷം ഒക്ടോബര്‍ 22 മുതല്‍ 27 വരെ തിരുവനന്തപുരത്തും നടക്കും.
12. സംസ്ഥാനത്തെ ആദ്യ ത്വക്ക് ബാങ്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ലോക പ്ലാസ്റ്റിക് സര്‍ജറി ദിനമായ ജൂലായ് 15 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
13. വനത്തില്‍ താമസിക്കുന്ന ആദിവാസി ഇതര കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള വനംവകുപ്പിന്റെ പദ്ധതിയാണ് നവകിരണം.
14. അണ്ടര്‍ 19 ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി വൈഭവ് സൂര്യവംശി നേടി. ഇംഗ്ലണ്ടിനെതിരെ 52 പന്തില്‍നിന്നും വൈഭവ് നൂറ് കടന്നു. ആകെ 78 പിന്തില്നിന്നും 143 റണ്‍സ് വൈഭവ് നേടി.
15. കുട്ടികളുടേയും യുവാക്കളുടേയും ചരിത്രം സംബന്ധിച്ച 2024-ലെ മികച്ച ഇംഗ്ലീഷ് പുസ്തകത്തിനുള്ള അന്താരാഷ്ട്ര പുരസ്കാരമായ ഗ്രെയ്സ് ആബറ്റ് ബുക്ക് പ്രൈസ് ഡോ ദിവ്യ കണ്ണന് ലഭിച്ചു. കണ്ടെസ്റ്റഡ് ചൈല്‍ഡ്ഹുഡ്സ്: കാസ്റ്റ് ആന്‍ഡ് എജൂക്കേഷന്‍ ഇന്‍ കൊളോണിയല്‍ കേരള എന്ന പുസ്തകത്തിനാണ് ദി സൊസൈറ്റി ഫോര്‍ ദി ഹിസ്റ്ററി ഓഫ് ചില്‍ഡ്രന്‍ ആന്‍ഡ് യൂത്ത് നല്കുന്ന പുരസ്കാരം ലഭിച്ചത്.
16. കേരളത്തിലെ ജനസംഖ്യയില്‍ 14.4 ശതമാനം പേര് 60 വയസ്സ് കഴിഞ്ഞവരാണെന്ന് സെന്‍സസ് കമ്മീഷണറേറ്റിന്റെ സാംപിള്‍ രജിസ്ട്രേഷന് സിസ്റ്റം റിപ്പോര്‍ട്ട്. ഇന്ത്യയില്‍ ശതമാനാടിസ്ഥാനത്തില്‍ 60 വയസ്സ് കഴിഞ്ഞവരുടെ എണ്ണത്തില്‍ ഒന്നാമതാണ് കേരളം. ഏറ്റവും പിന്നില്‍ ബീഹാര്‍. 6.9 ശതമാനം പേര്. ഇന്ത്യയില്‍ ആയുര്‍ദൈര്‍ഘ്യത്തില്‍ ഏറ്റവും മുന്നില്‍ കേരളമാണ്. കേരളത്തിലെ ജനതയുടെ ആയുര്‍ദൈര്‍ഘ്യം 74.8 വയസ്സാണ്. പിന്നില്‍ ഛത്തീസ്ഗഢ്. 64.4 വയസ്സാണ് ഛത്തീസ്ഗഢുകാരുടെ ആയുര്‍ദൈര്‍ഘ്യം. സ്ത്രീകളുടെ ആയുര്‍ദൈര്‍ഘ്യത്തില്‍ കേരളം ഒന്നാമതാണ്. 78 വയസ്സാണ് മലയാളി വനിതകളുടെ ആയുര്‍ദൈര്‍ഘ്യം. പുരുഷന്മാരുടെ കാര്യത്തില്‍ കേരളം നാലാമതാണ്. 71.7 വയസ്സ്. ജമ്മുകശ്മീരാണ് ഒന്നാമത്.
17. ക്രൊയേഷ്യയിൽ നടന്ന ഗ്രാന്റ് പ്രീ ചെസ് ടൂറിലെ റാപ്പിഡ് വിഭാഗത്തിൽ ഡി ഗുകേഷിന് കിരീടം. ലോക ചാമ്പ്യനായ ഗുകേഷ് ഒമ്പത് റൗണ്ടിൽനിന്നും 14 പോയിന്റുകൾ നേടി.

ജൂലൈ 7
1. ഇംഗ്ലണ്ടിനെതിരായ ബർമിങ്ങാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയ്ക്ക് 336 റൺസ് ജയം. ബർമിങ്ങാമിലെ എജ്ബാസ്റ്റൻ ഗ്രൗണ്ടിൽ ഇന്ത്യ ആദ്യമായിട്ടാണ് ടെസ്റ്റ് മത്സരം വിജയിക്കുന്നത്. ആകാശ് ദീപ് രണ്ട് ഇന്നിങ്സുകളിലുമായി 10 വിക്കറ്റുകൾ നേടി. ശുഭ്മൻ ഗിൽ കളിയിലെ താരം. ഗിൽ ആദ്യ ഇന്നിങ്സിൽ ഇരട്ട സെഞ്വറിയും (269) രണ്ടാം ഇന്നിങ്സിൽ സെഞ്ച്വറിയും (161) നേടിയിരുന്നു. വിദേശത്ത് റൺസ് അടിസ്ഥാനത്തിലുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ജയമാണിത്. വിദേശത്ത് ടെസ്റ്റ് മത്സരം വിജയിക്കുന്ന പ്രായം കുറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ എന്ന റെക്കോർഡ് ശുഭ്മൻ ഗിൽ (25 വയസ്സ്) നേടി.
2. ബ്രസീലില്‍ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു. ഇന്ത്യ, ബ്രസീല്‍, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ സ്ഥാപകാംഗങ്ങളായിട്ടുള്ള ബ്രിക്സ് കൂട്ടായ്മയുടെ 17-ാമത് ദ്വിദിന ഉച്ചകോടിയാണ് ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നടന്നത്. ഇറാനും ഈജിപ്തും കഴിഞ്ഞ വര്‍ഷം ബ്രിക്സില്‍ അംഗങ്ങളായിരുന്നു. അടുത്ത വര്‍ഷത്തെ ബ്രിക്സ് ഉച്ചകോടി ഇന്ത്യയിലാണ് നടക്കുന്നത്. ഇന്ത്യ ബ്രിക്സിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കും.
3. യു എസ് ശതകോടീശ്വരന്‍ ഇലോണ്‍ മസ്ക് പുതിയ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിച്ചു. അമേരിക്ക പാര്‍ട്ടി എന്നാണ് മസ്കിന്റെ പാര്‍ട്ടിയുടെ പേര്.
4. ഗ്രാന്‍ഡ് ചെസ് ടൂറിന്റെ ഭാഗമായുള്ള സൂപ്പര്‍ യുണൈറ്റഡ് റാപിഡ് ആന്‍ഡ് ബ്ലിറ്റ്സില്‍ മാഗ്നസ് കാള്സണ് ജേതാവായി.
5. ഫോർമുല വൺ കാറോട്ട മത്സരത്തിലെ ബ്രിട്ടീഷ് ഗ്രാൻപീയിൽ മക്ലാരൻ താരം ലാൻഡോ നോറിസ് ജേതാവായി.
6. വനിതകളുടെ 1500 മീറ്ററിലെ ലോക റെക്കോർഡ് കെനിയയുടെ ഫെയ്ത് കിപ്യേഗൻ വീണ്ടും തിരുത്തി. പ്രീഫൊണ്ടെയ്ൻ ക്ലാസിക് അത്ലറ്റിക് മീറ്റിൽ കിപ്യേഗൻ 3:48.68 മിനിറ്റിൽ 1500 മീറ്റർ ദൂരം ഓടിയെത്തി. പാരീസ് ഒളിമ്പിക്സിൽ കുറിച്ച സ്വന്തം റെക്കോർഡാണ് അവർ തിരുത്തിയത്. മൂന്ന് തവണ 1500 മീറ്ററിൽ ഒളിമ്പിക് ചാമ്പ്യനാണ് കിപ്യേഗൻ. കഴിഞ്ഞ മൂന്ന് ലോക ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുണ്ട്.
7. വിമ്പിള്‍ഡണില്‍ സെര്‍ബിയക്കാരനായ നൊവാക് ജോക്കോവിച്ച് 100-ാം ജയം കുറിച്ചു. യുഎസിന്റെ മാര്‍ട്ടിന നവരത്ലോവ (120), സ്വിറ്റ്സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡറര്‍ (105) എന്നിവര്‍ ഇതിന് മുമ്പ് വിമ്പിള്‍ഡണില്‍ 100 വിജയം കുറിച്ചിട്ടുണ്ട്. നാട്ടുകാരനായ മ്യോമിയര് കെസ്മോനോവിച്ചിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്.
8. ന്യൂയോര്‍ക്ക് ടൈംസിന്റെ 21-ാം നൂറ്റാണ്ടിലെ 100 മികച്ച സിനിമകളുടെ പട്ടികയില്‍ കൊറിയന്‍ സിനിമയായ പാരസൈറ്റ് ഒന്നാമത്. 2019-ല്‍ മികച്ച ചിത്രത്തിനുള്ള ഓസ്കാര്‍ നേടിയ ആദ്യ ഇംഗ്ലീഷ് ഇതര സിനിമയാണ് പാരസൈറ്റ്. സംവിധായകന് ബൊങ് ജുന് ഹൊ. 2019-ല്‍ മികച്ച സംവിധായകന്, തിരക്കഥ എന്നീ ഓസ്കാറുകളും കാന്‍ ചലച്ചിത്ര മേളയില്‍ പാം ദോര്‍ പുരസ്കാരവും നേടിയിട്ടുണ്ട്.
9. നിയാണ്ടര്താല് മനുഷ്യന്മാര് മൃഗങ്ങളുടെ അസ്ഥികള്‍ ശേഖരിച്ച് കല്ലുപകരണങ്ങള്‍ ഉപയോഗിച്ച് ഇടിച്ചു പൊട്ടിച്ചശേഷം അതിലെ കൊഴുപ്പുരുക്കി ശേഖരിച്ചിരുന്നതിനുള്ള തെളിവുകള്‍ ജര്‍മ്മനിയിലെ ന്യൂമാര്‍ക്ക് നോര്‍ഡില്‍ കണ്ടെത്തി. 1,25,000 വര്‍ഷം മുമ്പ് നിയാണ്ടര്‍താലുകള്‍ കൊഴുപ്പുരുക്കി ശേഖരിച്ചിരുന്നു. ഭക്ഷണത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാത്തപ്പോള്‍ ഉണ്ടാകുന്ന റാബിറ്റ് സ്റ്റാര്വേഷന് എന്ന അവസ്ഥയെ ചെറുക്കാനും തണുപ്പ് കാലത്തെ അതിജീവിക്കാനും ഈ കൊഴുപ്പ് നിയാണ്ടര്‍താലുകളെ സഹായിച്ചിരുന്നു. എന്നാല്‍ ആധുനിക മനുഷ്യന് 28,000 വര്‍ഷം മുമ്പാണ് കൊഴുപ്പ് വേര്‍തിരിക്കാന്‍ പഠിച്ചത്.
10. അനിമേഷ് കുജൂർ ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരൻ. ഗ്രീസിൽ നടന്ന വേൾഡ് അത്ലറ്റിക് കോണ്ടിനന്റൽ ടൂറിൽ അനിമേഷ് ദേശീയ റെക്കോർഡ് തിരുത്തി. 10.18 സെക്കന്റാണ് പുതിയ റെക്കോർഡ്. ഗുരീന്ദർവീർ സിങ്ങിന്റെ 10.20 എന്ന റെക്കോർഡാണ് അനിമേഷ് തിരുത്തിയത്.
11. ടെസ്റ്റ് ക്രിക്കറ്റിൽ രണ്ട് ഇന്നിങ്സുകളിലുമായി ഇന്ത്യയുടെ മൊത്തം സ്കോർ 1000 കടക്കുന്നത് ആദ്യമായിട്ടാണ്. രണ്ടിന്നിങ്സുകളിലുമായി ഇന്ത്യ 1014 റൺസ് നേടി.
12. കേരളത്തിലെ ലിപി ഇല്ലാത്ത വാമൊഴികളായ അടിയ, പണിയ, കാട്ടുനായ്ക്ക, ഊരാളി, കുറുമ, മുള്ളുക്കുറുമ ഭാഷകളിലെ വാക്കുകളുടെ മലയാള അര്‍ത്ഥം ഉള്‍ക്കൊള്ളുന്ന നിഘണ്ടു ഗോത്രകവിയായ രാമചന്ദ്രന് കണ്ടാമല തയ്യാറാക്കി.
13. ഇന്റര്‍നാഷണല്‍ കോ ഓപറേറ്റീവ് അയലന്‍സ് (ഐസിഎ) സഹകരണ സാംസ്കാരിക പൈതൃക വര്‍ക്കിങ് ഗ്രൂപ്പില്‍ ഇന്ത്യയുടെ പ്രതിനിധിയായി മലയാളിയായ ടി കെ കിഷോര്‍ കുമാറിനെ തിരഞ്ഞെടുത്തു. യുഎല്സിസിഐഎസ് ചീഫ് പ്രൊജ്ക്ട് ചീഫ് കോഡിനേറ്ററും യുഎല്‍ സൈബര്‍ പാര്‍ക്ക് സിഇഒയുമാണ് കിഷോര്‍ കുമാര്‍.
14. ലോക പൊലീസ് മീറ്റില്‍ ഇന്ത്യയുടെ മലയാളി താരം സജന് പ്രകാശ് ഏഴ് സ്വര്‍ണവും മൂന്ന് വെള്ളിയും സ്വന്തമാക്കി.
15. ഇംഗ്ലണ്ടിനെതിരായ അണ്ടര്‍ 19 ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കി.
ജൂലായ് 8
1. റെയില്‍വേയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ക്കായി റെയില്‍വണ്‍ എന്ന ഒറ്റമൊബൈല് ആപ്പ് റെയില്‍വേ പുറത്തിറക്കി. ഐആര്‍സിടിസി റെയില്‍ കണക്ട്, യുടിഎസ്, റെയില്‍ മദദ് തുടങ്ങിയ ആപ്പുകളില്‍ ലഭിച്ചിരുന്ന സേവനങ്ങള്‍ റെയില്‍വണ്ണില്‍ ലഭിക്കും. (മലയാള മനോരമ)
2. 54 വര്‍ഷം കല്‍ദായ സഭയെ നയിച്ച മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ മാര്‍ അപ്രേം അന്തരിച്ചു. തൃശൂര്‍ ആസ്ഥാനമായുള്ള ഇന്ത്യയിലെ കല്‍ദായ സഭയെ 1968 മുതല്‍ 2022 വരെ അദ്ദേഹം നയിച്ചു. (മലയാള മനോരമ)
3. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന് പുറത്താക്കിയ ഗതാഗത മന്ത്രി റോമന്‍ സ്റ്റാറവോയിറ്റിയെ കാറില്‍ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തി (മലയാള മനോരമ)
4. കൊച്ചി പുറംകടലില്‍ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനിയുടെ (എം എസ് സി) എല്‍സ 3 കപ്പല്‍ മുങ്ങി എണ്ണ ചോര്‍ന്നും, കണ്ടെയ്നറുകളിലെ സാധനങ്ങള്‍ വെള്ളത്തില്‍ കലരുകയും ചെയ്തത് മൂലം സംസ്ഥാന സര്‍ക്കാരിന് പരിസ്ഥിതി, മത്സ്യബന്ധന, വാണിജ്യ മേഖലകളില്‍ 9531 കോടി രൂപയുടെ നഷ്ടമുണ്ടായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അഡ്മിറാലിറ്റി സ്യൂട്ട് നല്കി. കമ്പനി തുക കെട്ടിവയ്ക്കുന്നത് വരെ എം എസ് സി അകിറ്റോ 2 എന്ന കപ്പലിനെ വിഴഞ്ഞം തുറമുഖത്ത് അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാനത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മാരിടൈം ക്ലെയിം തുകയാണിത്. (മലയാള മനോരമ)
5. ഇന്ത്യയുടെ പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്.
6. സൗരയൂഥത്തിലെ ഒരു ഛിന്നഗ്രഹത്തിന് കൂടി മലയാളി ശാസ്ത്രജ്ഞന്റെ പേര് ലഭിച്ചു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയില്‍ അപ്ലൈഡ് ഫിസിക്സ് വിഭാഗം ഗവേഷകനും സോഫ്റ്റുവെയര്‍ വിദഗ്ദ്ധനുമായ ഡോ എ ഹരി നായരുടെ പേരാണ് അന്താരാഷ്ട്ര ആസ്ട്രോണമിക്കല്‍ യൂണിയന് (ഐഎയു) ഛിന്നഗ്രഹത്തിന് നല്‍കിയത്. 333205 നായര്‍ എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. 333205 എന്നത് ഛിന്നഗ്രഹത്തിന്റെ കാറ്റലോഗ് നമ്പറാണ്. 2009 ഫെബ്രുവരി 13-നാണ് ഈ ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. ബെന്നു എന്ന ഛിന്നഗ്രഹത്തിലെ സാംപിളുകള്‍ ശേഖരിക്കാനുള്ള നാസയുടെ ഓസിറിസ് റെക്സ് എന്ന ദൗത്യത്തിന്റെ ഭാഗമായത് കണക്കിലെടുത്താണ് ഈ ബഹുമതി ലഭിച്ചത്. ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ജീവന് കണ്ടെത്താനുള്ള നാസയുടെ ഡ്രാഗണ്‍ ഫ്ളൈ ദൗത്യത്തിന് രൂപംകൊടുത്ത സംഘത്തില്‍ ഒരാളാണ് ഹരി നായര്‍. (മലയാള മനോരമ)
7. ചലച്ചിത്ര, നാടക നടിയും ശബ്ദകലാകാരിയുമായ സി എസ് രാധാദേവി (95) അന്തരിച്ചു. (മലയാള മനോരമ)
8. കോണ്‍കകാഫ് ഗോള്‍ഡ് കപ്പ് ഫുട്ബോള്‍ കിരീടം മെക്സിക്കോ നേടി. ഫൈനലില്‍ യുഎസിനെ 2-1-ന് പരാജയപ്പെടുത്തി. മെക്സിക്കോയുടെ പത്താം കിരീടമാണിത്. (മലയാള മനോരമ)
9. സിംബാബ്വേയ്ക്കെതിരായ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ വിയാന്‍ മള്ഡന് ട്രിപ്പിള്‍ സെഞ്ച്വറി നേടി. 367 റണ്‍സ് എടുത്ത് പുറത്താകാതെ നിന്നു. ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ബ്രയാന്‍ ലാറയുടെ പേരിലാണ്. 400 റണ്‍സ്. (മലയാള മനോരമ)
10. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി (സിഇഒ) ഇന്ത്യക്കാരനായ സന്‍ജോഗ് ഗുപ്തയെ നിയമിച്ചു. (മലയാള മനോരമ)
11. കാടിന് പുറത്തുള്ള കടുവകളെ പാര്‍പ്പിക്കാന്‍ പ്രത്യേക കടുവ സങ്കേതങ്ങളുണ്ടാക്കാന് കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ വയനാടും ഇടുക്കിയും ഇടംപിടിച്ചു. 17 സംസ്ഥാനങ്ങളിലെ 80 ഫോറസ്റ്റ് ഡിവിഷനുകളിലാണ് ടൈഗേഴ്സ് ഔട്ട്സൈഡ് ടൈഗര്‍ റിസര്‍വ് പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്. ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ കണക്കുപ്രകാരം രാജ്യത്തുള്ള 3682 കടുവകളില്‍ 30 ശതമാനവും വസിക്കുന്നത് കാടിന് പുറത്താണ്. (മലയാള മനോരമ)
12. ക്രൊയേഷ്യന്‍ ഫുട്ബോള്‍ ഇതിഹാസം ഇവാന് റാകിട്ടിച്ച് വിരമിച്ചു. 993 മത്സരങ്ങളില്‍നിന്നും 140 ഗോളുകള്‍ നേടിയിട്ടുണ്ട്. (ദേശാഭിമാനി)
ജൂലൈ 9
1. പൂർവിക സ്വത്തിൽ ഹിന്ദു പെൺമക്കൾക്കും തുല്യാവകാശം ഉണ്ടെന്ന് കേരള ഹൈക്കോടതി വിധിച്ചു. 2004 ഡിസംബർ 20ന് നിലവിൽ വന്ന ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതി കേരളത്തിൽ നടപ്പിലാക്കുന്നതിന് 1975ലെ കേരള കൂട്ടുകുടുംബ സമ്പ്രദായം (നിർത്തലാക്കൽ) നിയമത്തിലെ 3, 4 വകുപ്പുകൾ നിലനിൽക്കില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഹിന്ദു പിന്തുടർച്ചാവകാശ നിയമ ഭേദഗതിയുടെ 6-ാം വകുപ്പ് പ്രകാരം പെൺമക്കൾക്കും ആൺമക്കൾക്കൊപ്പം പൂർവിക സ്വത്തിൽ ജന്മാവകാശമുണ്ട്. പൂർവിക സ്വത്തിൽ പെൺമക്കൾക്കുള്ള ജന്മാവകാശം വിനീത ശർമ്മ കേസിൽ സുപ്രീംകോടതി അംഗീകരിച്ചതാണെന്നും ഇതിന് വിരുദ്ധമായ രണ്ട് ഹൈക്കോടതി വിധികൾക്ക് സാധുതയില്ലെന്നും കേരള ഹൈക്കോടതി പറഞ്ഞു. (മലയാള മനോരമ)
2. ദിനോസറുകളുടെ പ്രാരംഭകാലത്ത് ജീവിച്ചിരുന്ന പെട്രോസോറുകളുടെ 20.9 കോടി വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ വടക്കേ അമേരിക്കയിലെ പെട്രിഫൈഡ് ഫോറസ്റ്റ് നാഷണല്‍ പാര്‍ക്കില്‍ കണ്ടെത്തി. കടല്‍ കാക്കയുടെ വലിപ്പമുള്ള ഇവയെ പറക്കും മുതലകള്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഫോസിലുകളുടെ സംരക്ഷിത കേന്ദ്രമാണ് പെട്രിഫൈഡ് ഫോറസ്റ്റ് നാഷണല്‍ പാര്‍ക്ക്. ഇതുവരെ കേട്ടിട്ടില്ലാത്ത ഏഴ് ജീവികളുടെ ഫോസിലുകള്‍ കൂടി ശാസ്ത്രജ്ഞര്‍ കണ്ടെത്തി. (മലയാള മനോരമ)
3. കൃഷി ആവശ്യത്തിനുള്ള ജലസേചന പമ്പുകള്‍ സൗരോര്‍ജ്ജത്തിലേക്ക് മാറ്റാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി- പിഎം കുസും (മലയാള മനോരമ)
4. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 18 വയസ്സുവരെയുള്ള എല്ലാ കുട്ടികൾക്കും സൗജന്യ ചികിത്സ ഉറപ്പാക്കുന്ന പദ്ധതിയാണ് ആരേഗ്യ കിരണം. പദ്ധതി പ്രകാരം 30 രോഗങ്ങൾക്കാണ് സൗജന്യ ചികിത്സ നൽകുന്നത്. (മലയാള മനോരമ)
5. വിദേശ രാജ്യങ്ങളിലെ മലയാളി വിദ്യാർത്ഥികൾക്ക് സുരക്ഷ ഉറപ്പാക്കാൻ നോർക്ക മൈഗ്രേഷൻ സ്റ്റുഡന്റ്സ് പോർട്ടൽ ആരംഭിക്കും. (മലയാള മനോരമ)
6. സംസ്ഥാനത്തെ മുനിസിപ്പല്‍ കോര്‍പറേഷനുകള്‍ക്ക് നഗര മന്ത്രിസഭ വേണമെന്നും ഭരണച്ചുമതലയുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറെ നിയമിക്കണമെന്നും കേരള നഗര നയ കമ്മീഷന് ശിപാര്‍ശ ചെയ്തു. ഇപ്പോഴുള്ള സ്റ്റാന്‍ഡിങ് കമ്മിറ്റി സംവിധാനം പരിഷ്കരിച്ച് നഗര മന്ത്രിസഭ രൂപീകരിക്കണം. മുനിസിപ്പാലിറ്റികളില്‍ സിറ്റി മാനേജര്മാനെ നിയമിക്കണം. (മലയാള മനോരമ)
7. പി കേശവദേവ് സ്മാരക ട്രസ്റ്റിന്റെ പി കേശവദേവ് സാഹിത്യ പുരസ്കാരം ശശി തരൂരിന്. 50,000 രൂപയാണ് പുരസ്കാര തുക. (മലയാള മനോരമ)
8. ഐസിസി ടി20 വനിത ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഇന്ത്യന്‍ സ്പിന്നര്‍ ദീപ്തി ശര്‍മ്മ രണ്ടാമത്. പേസര്‍ രേണുക സിങ് ഠാക്കൂറിന് ആറാം സ്ഥാനം. (മലയാള മനോരമ)
9. ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥാപിച്ചിട്ട് 150 വര്‍ഷമായി. ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഓഹരി വിപണിയാണ് ബോംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്. (മലയാള മനോരമ)
10. കുട്ടനാടിന്റെ ദൃശ്യഭംഗിയും രുചികളും സംസ്കാരവും വിനോദ സഞ്ചാരികള്‍ക്ക് മനസ്സിലാക്കി നല്കാന് ജലഗതാഗത വകുപ്പ് കുട്ടനാട് സഫാരി പദ്ധതി നടപ്പിലാക്കുന്നു. (മലയാള മനോരമ)

എന്‍വിഡിയ സ്ഥാപകനും സിഇഒയുമായ ജെന്‍സെന്‍ ഹ്വാങ്
ജൂലൈ 10
1. മധ്യഗുജറാത്തിനെ സൗരാഷ്ട്രയുമായി ബന്ധിപ്പിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകര്‍ന്ന് പുഴയില്‍ വീണ് 11 പേര് കൊല്ലപ്പെട്ടു. (മലയാള മനോരമ)
2. ഡിജിറ്റൽ പണമിടപാട് സംവിധാനമായ യുപിഐ ഈ വർഷം അവസാനത്തോടെ നമീബിയയിൽ നടപ്പിലാക്കും. നമീബിയ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി നമീബിയൻ പ്രസിഡന്റ് നെതുംബോ നൻഡി ദിത്വയുമായി നടന്ന ചർച്ചയിലാണ് തീരുമാനം. നമീബിയയുടെ പരമോന്നത പുരസ്കാരമായ ഓർഡർ ഓഫ് ദ് മോസ്റ്റ് എൻഷ്യന്റ് വെൽവിച്ചിയ മിറാബിലസ് മോദിക്ക് സമ്മാനിച്ചു. (മലയാള മനോരമ)
3. ദക്ഷിണ മുംബൈയില്‍ പുനര്‍നിര്‍മ്മിച്ച കാര്ണേക് റോഡ് മേല്‍പാലത്തിന് സിന്ദൂര്‍ പാലം എന്ന് പേര് നല്കി. (മലയാള മനോരമ)
4. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സമൂഹ മാധ്യമമായ എക്സിന്റെ സിഇഒ പദവിയില്‍നിന്നും ലിന്‍ഡ യാക്കറിനോ രാജിവച്ചു. (മലയാള മനോരമ)
5. മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ഗഗന്യാന് ദൗത്യത്തില്‍ ബഹിരാകാശ പേടകത്തെ സഞ്ചരിക്കാന്‍ സഹായിക്കുന്ന സര്‍വീസ് മൊഡ്യൂള്‍ പ്രൊപ്പല്‍ഷന്‍ സിസ്റ്റത്തിന്റെ പ്രവര്‍ത്തന പരീക്ഷണം തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ഐ എസ് ആര് ഒ പ്രൊപ്പല്‍ഷന്‍ കോംപ്ലക്സില്‍ വിജയകരമായി നടത്തി. (മലയാളമനോരമ)
6. ഏഷ്യയിലെ ഏറ്റഴും പ്രായമുള്ള ആന വത്സല ചരിഞ്ഞു. മധ്യപ്രദേശിലെ പന്ന കടുവ സങ്കേതത്തിലെ ഹിനൗതയിലെ ആനത്താവളത്തില്‍ സംരക്ഷണത്തിലായിരുന്നു. അന്തേവാസിയായിരുന്നു. നിലമ്പൂര്‍ കാടുകളിലാണ് വത്സലയുടെ ജനനം. നൂറുവയസ്സിലധികം പ്രായമുണ്ടായിരുന്നു. (മലയാള മനോരമ, ദേശാഭിമാനി, മാതൃഭൂമി)
7. അരുണാചല്‍പ്രദേശില്‍ നീല അസ്ഥികളും പച്ച രക്തവും ഉള്ള തവളയെ ഗവേഷകര്‍ കണ്ടെത്തി. അരുണാചല്‍പ്രദേശിലെ നംദഫ ദേശീയ പാര്‍ക്കിലാണ് ഇവയെ കണ്ടെത്തിയത്. ഗ്രാസിക്സലസ് പട്കയന്സിസ് എന്നാണ് ശാസ്ത്രീയ നാമം. തവള മനുഷ്യന് എന്നറിയപ്പെടുന്ന മലയാളി എസ് ഡി ബിജുവിന്റെ നേതൃത്വത്തിലുള്ള ഡല്‍ഹി സര്‍വകലാശാലയിലെ ഗവേഷകരാണ് ഇവയെ കണ്ടെത്തിയത്. ഏഷ്യയില്‍ കാണപ്പെടുന്ന 16 ഇനങ്ങള്‍ ഉള്‍ക്കൊള്ളുന്ന റാക്കോഫോറിഡേ കുടുംബത്തില്‍പ്പെട്ട മരത്തവളകളാണ് ഗ്രാസിക്സലസ്. പട്കായ് പച്ചത്തവള എന്ന് പേരുണ്ട്. ഇന്ത്യയില്‍ 420-ല്‍ അധികം ഇനം തവളകളുണ്ട്. (മലയാള മനോരമ)
8. ഈ വര്‍ഷത്തെ ചിന്ത രവീന്ദ്ര പുരസ്കാരം പ്രശസ്ത മറാഠി സാഹിത്യകാരന് ശരണ്‍കുമാര്‍ ലിംബാളെയ്ക്ക് ലഭിച്ചു. 50,000 രൂപയാണ് പുരസ്കാര തുക. (മലയാള മനോരമ)
9. നികുതി വെട്ടിപ്പ് നടത്തിയതിന് ബ്രസീല്‍ ഫുട്ബോള്‍ ടീം പരിശീലകന് കാര്‍ലോ ആഞ്ചലോട്ടിക്ക് തടവുശിക്ഷ. സ്പാനിഷ് ഫുട്ബോള്‍ ക്ലബ് റയില്‍ മാഡ്രിഡിന്റെ പരിശീലകനായിരുന്നപ്പോള്‍ നടത്തിയ നികുതി വെട്ടിപ്പ് കേസിലാണ് ഒരു വര്‍ഷം തടവ് ശിക്ഷയും 3.8 കോടി രൂപ പിഴയും ലഭിച്ചത്. (മലയാള മനോരമ)
10. ചൈനയിലെ ഷെന്‍ഷെനില്‍ നടക്കുന്ന വനിതാ ബാസ്കറ്റ് ബോള്‍ ഏഷ്യാകപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളികളായ ആര് ശ്രീകല, അനീഷ ക്ലീറ്റസ്, സൂസന് ഫ്ളോറന്റൈന് എന്നിവര്‍ ഇടംപിടിച്ചു. (മലയാള മനോരമ)
11. ഉത്തേജകം ഉപയോഗിച്ചതിന് ഇന്ത്യന്‍ ഗുസ്തി താരത്തിന് വിലക്ക്. മുന്‍ അണ്ടര്‍ 23 ലോക ഗുസ്തി ചാമ്പ്യയായ റിതിക ഹൂഡയെയാണ് നാഡ വിലക്കിയത്. (മലയാള മനോരമ)
12. എ ഡിവിഷന് ക്രിക്കറ്റ് ലീഗില്‍ ഒരു കേരള താരത്തിന്റെ ഉയര്‍ന്ന സ്കോര്‍ സച്ചിന് സുരേഷ് നേടി. ഏജീസ് ഓഫീസ് റിക്രിയേഷന്‍ ക്ലബിനായി സച്ചിന് 334 റണ്‍സ് നേടി. (മലയാള മനോരമ)
13. ഇറ്റാലിയന്‍ പുരുഷ ടെന്നീസ് താരം ഫാബിയോ ഫൊനീനി പ്രൊഫഷണല്‍ ടെന്നീസില്‍നിന്നും വിരമിച്ചു. സിംഗിള്‍സിലും ഡബിള്‍സിലുമായി 16 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. (മലയാള മനോരമ)
14. ആപ്പിളിന്റെ ചീഫ് ഓപ്പറേറ്റിങ് ഓഫീസറായി (സിഒഒ) ഇന്ത്യന്‍ വംശജനായ സബീഹ് ഖാനെ നിയമിച്ചു. 1966-ല്‍ ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സബീഹ് ജനിച്ചത്. (മലയാള മനോരമ)
15. റഷ്യയിലെ കലിനില്ഗ്രാഡിലെ യാന്തര്‍ കപ്പല്‍ശാലയില്‍ കമ്മീഷന് ചെയ്ത ഇന്ത്യയുടെ പുതിയ യുദ്ധക്കപ്പലായ ഐഎന്‍എസ് തമലിന്റെ നിര്‍മ്മാണത്തില്‍ കേരള പൊതുമേഖല കമ്പനിയായ കെല്‍ട്രോണും പങ്കാളികള്‍. മള്‍ട്ടി റോള്‍ സ്റ്റെല്‍ത്ത് ഗൈഡഡ് മിസൈല്‍ യുദ്ധകപ്പലായ തമലിലെ എക്കോസൗണ്ടറും അണ്ടര്‍ വാട്ടര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനവും നിര്‍മ്മിച്ചത് കെല്‍ട്രോണ്‍ ആണ്. (ദേശാഭിമാനി)
16. ചമ്പക്കുളം മൂലം വള്ളംകളിയില്‍ ചെറുതന പുത്തന്‍ ചുണ്ടന് ജേതാവ്. വള്ളംകളിയുടെ ജന്മനാടാണ് ചമ്പക്കുളം. വള്ളംകളി സീസണിന് തുടക്കം കുറിക്കുന്നത് ചമ്പക്കുളം മൂലം വള്ളംകളിയോടെയാണ്. (ദേശാഭിമാനി)
17. ബംഗ്ലാദേശിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ശ്രീലങ്ക 2-1 ന് സ്വന്തമാക്കി. (ദേശാഭിമാനി)
18. സിംബാബ്വേയ്ക്കെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര ദക്ഷിണാഫ്രിക്ക 2-0 ന് കരസ്ഥമാക്കി. (ദേശാഭിമാനി)
19. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ടെസ്റ്റ് റാങ്കിങ്ങില്‍ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ഒന്നാമത്. ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്സ്വാള്‍ നാലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ആറും സ്ഥാനങ്ങളിലുണ്ട്. (ദേശാഭിമാനി)
20. വിപണിമൂല്യത്തില്‍ നാലുലക്ഷം കോടി ഡോളര്‍ നേടുന്ന ആദ്യ കമ്പനിയായി എന്‍വിഡിയ. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള മൈക്രോചിപ്പ് നിര്‍മ്മാണ കമ്പനിയാണ് എന്‍വിഡിയ. തായ് വാനീസ്- അമേരിക്കന്‍ ബിസിനസുകാരനായ ജെന്സണ് ഹ്വാങ് ആണ് സ്ഥാപകന്‍. (മാതൃഭൂമി)
21. ഇന്റര്‍നെറ്റ്, ഫോണ്‍ നമ്പര്‍, ഇമെയില്‍ എന്നിവയുടെ ആവശ്യമില്ലാതെ സന്ദേശങ്ങള്‍ അയക്കാന്‍ സഹായിക്കുന്ന പ്ലാറ്റ്ഫോം വികസിപ്പിച്ചു. ബിറ്റ് ചാറ്റ് എന്ന പേരിലെ പ്ലാറ്റ്ഫോം ട്വിറ്ററിന്റെ സഹസ്ഥാപകനായ ജാക്ക് ഡോര്‍സാണ് ബിറ്റ് ചാറ്റിനെ വികസിപ്പിച്ചത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 300 മീറ്റര്‍ പരിധിയില്‍ വരെ സന്ദേശങ്ങള്‍ കൈമാറാം. (മാതൃഭൂമി)
22. പഞ്ചാബില്‍ ഓരോ കുടുംബത്തിനും 10 ലക്ഷം രൂപയുടെ സൗജ്യന്യ ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു. (മാതൃഭൂമി)
23. ഇന്ത്യയില്‍ ഉപഗ്രാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം ആരംഭിക്കുന്നതിന് ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലേക്കുള്ള സ്റ്റാര്‍ലിങ്കിന് അനുമതി ലഭിച്ചു. രാജ്യത്ത് ഉപഗ്രഹാധിഷ്ഠിത ഇന്റര്‍നെറ്റ് സേവനം ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ കമ്പനിയാണ് സ്റ്റാര്‍ലിങ്ക്. എയര്‍ടെല്ലിന്റെ വണ്‍വെബ്ബിനും റിലയന്‍സ് ജിയോയുടെ സാറ്റ്കോമിനും അനുമതി ലഭിച്ചിരുന്നു. ഒപ്റ്റിക്കല്‍ ഫൈബര്‍, ഫിക്സഡ് വയര്‍ലെസ് സംവിധാനങ്ങള്‍ വഴിയാണ് നിലവില്‍ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. ഇതിന് പകരം ഉപഗ്രഹങ്ങളില്‍നിന്നും നേരിട്ട് ഇന്റര്‍നെറ്റ് ഉപഭോക്താക്കള്ക്ക്ലഭിക്കും. ഈ സേവനം നല്‍കുന്നതിനായി 7000 ഉപഗ്രഹങ്ങള്‍ സ്റ്റാര്‍ലിങ് വിക്ഷേപിച്ചിട്ടുണ്ട്. ഇത് 40,000 ആയി വര്‍ദ്ധിപ്പിക്കും. (മനോരമ, മാതൃഭൂമി)
24. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ അമ്പയറായ ബിസ്മില്ല ജാന്‍ ഷിന്‍വാരി (41) അന്തരിച്ചു. അഫ്ഗാനിസ്ഥാന് സ്വദേശിയാണ്. (മാതൃഭൂമി)
25. ഫോര്‍മുല വണ്‍ കാറോട്ട മത്സര ടീമായ റെഡ്ബുളില്നിന്നും ടീം പ്രിന്‍സിപ്പലും ചീഫ് എക്സിക്യൂട്ടീവുമായ ക്രിസ്റ്റ്യന്‍ ഹോണറെ പുറത്താക്കി. പകരം ലൗറന്റ് മെക്കീസിനെ തല്‍സ്ഥാനങ്ങളില്‍ നിയമിച്ചു. (മാതൃഭൂമി)
26. ഇലോണ്‍ മസ്കിന്റെ എക്സ്എഐ കമ്പനിയുടെ നിര്‍മ്മിത ബുദ്ധി ചാറ്റ്ബോട്ടായ ഗ്രോക്കിനെ തുര്‍ക്കിയില്‍ നിരോധിച്ചു. (മാതൃഭൂമി)
ജൂലൈ 11
1. കേരള ലോകായുക്ത രജിസ്ട്രാറായി റിട്ടയേഡ് ജില്ലാ ജഡ്ജി ഇ ബൈജുവിനെ നിയമിക്കാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ രജിസ്ട്രാറായിരുന്നു. (മലയാള മനോരമ)
2. ജൂലൈ 11 ലോക ജനസംഖ്യാ ദിനം.
3. കേരളത്തില്‍ നിപ സാമ്പിള്‍ പരിശോധനയ്ക്കും രോഗ നിര്‍ണയത്തിനുമുള്ള സൗകര്യം ആലപ്പുഴയിലെ ദേശീയ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഒരുക്കി. നിപ രോഗബാധ സ്ഥിരീകരിക്കാന്‍ അനുമതിയുള്ള ബയോ സേഫ്റ്റി ലവല്‍ 3 (ബിഎസ്എല്‍ 3) ഇവിടെ സ്ഥാപിച്ചു. (മലയാള മനോരമ)
4. മുങ്ങല്‍ ദൗത്യങ്ങള്‍ക്കും രക്ഷാദൗത്യത്തിനും പിന്തുണ നല്കാന് സാധിക്കുന്ന തദ്ദേശീയമായി നിര്‍മ്മിച്ച ഡൈവിങ് സപ്പോര്‍ട്ട് കപ്പല്‍ നിസ്താര്‍ നാവിക സേനയുടെ ഭാഗമാകും. വിശാഖപട്ടണത്തിലെ ഹിന്ദുസ്ഥാന്‍ കപ്പല്‍ശാലയിലാണ് നിര്‍മ്മിച്ചത്. വിശാഖപട്ടണം ആസ്ഥാനമായ കിഴക്കന്‍ നാവിക കമാന്‍ഡിന്റെ ഭാഗമാകും നിസ്താര്‍. (മലയാളമനോരമ)
5. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടില്‍.
6. ആഫ്രിക്കന്‍ രാജ്യമായ ലൈബീരിയയുടെ പ്രസിഡന്റ് ജോസഫ് ബൊവകായ്. ലൈബീരിയയുടെ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാണ്. (മലയാള മനോരമ)
7. യാചകരെ പുനരധിവസിപ്പിക്കുന്നിതിനായി തൊഴിലധിഷ്ഠിത പരിശീലനം, സമര്‍പ്പിത ഷെല്‍റ്റര്‍ ഹോമുകള്‍, ചികിത്സ തുടങ്ങിയവ നല്കുന്ന കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പദ്ധതിയാണ് സ്മൈല്‍. (മലയാള മനോരമ)
8. മുസ്ലിം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ്, പാഴ്സി, ജൈന എന്നീ ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പെടുത്തിയവരോ ഉപേക്ഷിക്കപ്പെട്ടവരോ ആയ സ്ത്രീകള്‍ എന്നിവര്‍ക്ക് വീടിന്റെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയാണ് ഇമ്പിച്ചിബാവ ഭവന പുനരുദ്ധാരണ പദ്ധതി. (മലയാള മനോരമ)
9. ഓസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് എ ടീമിന്റെ വൈസ് ക്യാപ്റ്റനായി മലയാളിയായ മിന്നു മണിയെ തിരഞ്ഞെടുത്തു. മിന്നു മണിയെക്കൂടാതെ മലയാളികളായ ജോഷിതയും സജന സജീവനും ടീമിലുണ്ട്. (മലയാള മനോരമ)
10. ഫിഫ റാങ്കിങ്ങില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ടീമിന്റെ റാങ്ക് ആറ് സ്ഥാനം പിന്നോട്ട് പോയി 133-ല്‍ എത്തി. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ ഏറ്റവും മോശമായ റാങ്കാണിത്. 1996-ല്‍ 94-ാം സ്ഥാനത്ത് എത്തിയത് ഇന്ത്യയുടെ മികച്ച റാങ്കിങ്. ലോക ചാമ്പ്യന്മാരായ അര്‍ജന്റീനയാണ് റാങ്കിങ്ങില്‍ ഒന്നാമത്. (മലയാള മനോരമ)
11. കസഖ്സ്ഥാനിനലെ അസ്താനയില്‍ നടന്ന ബോക്സിങ് കപ്പില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം. 3 സ്വര്‍ണവും 5 വെള്ളിയും ഒരു വെങ്കലവും അടക്കം ആകെ 9 മെഡലുകള്‍ ഇന്ത്യ നേടി. (മലയാള മനോരമ)
12. ഇംഗ്ലണ്ടിനെതിരെ ഇന്ത്യന്‍ വനിത ടീം ആദ്യമായി ടി20 പരമ്പര നേടി. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ 3-1-ന് മുന്നിലെത്തി. (മലയാള മനോരമ)
13. മുന്‍നിര ഉപഭോക്തൃ ഉല്പന്ന നിര്‍മ്മാണ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ ലിമിറ്റഡിന്റെ (എച്ച് യു എല്‍) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും (സി ഇ ഒ) മാനേജിങ് ഡയറക്ടറുമായി മലയാളിയായ പ്രിയ നായരെ നിയമിച്ചു. ആദ്യമായിട്ടാണ് ഒരു വനിത എച്ച് യു എല്‍ സിഇഒ ആകുന്നത്. (മലയാള മനോരമ)
14. കേരള മാരിടൈം ബോര്‍ഡ് ചെയര്മാന് എന്‍ എസ് പിള്ള.
15. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജ് മലയാള വിഭാഗം കോവിലന് ട്രസ്റ്റുമായി ചേര്‍ന്ന് ഏര്‍പ്പെടുത്തിയ കോവിലന് കലാലയ കഥാപുരസ്കാരം തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാള സര്‍വകലാശാലയിലെ എം എ മലയാളം വിദ്യാര്‍ത്ഥി ഇ എ മുഹമ്മദ് സ്വാലിഹ് അര്‍ഹനായി. (ദേശാഭിമാനി)
16. നിതി ആയോഗിന്റെ 2023-24 വര്‍ഷത്തെ ഗോള്‍ ഓഫ് ഗുഡ് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിങ് ഇന്‍ഡെക്സില്‍ കേരളത്തിന് നാലാം സ്ഥാനം. കേരളം 2018-19, 2019-20 വര്‍ഷങ്ങളില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ആത്മഹത്യയും റോഡപകടങ്ങളും സൂചികയില്‍ മാനദണ്ഡം ആക്കിയതിനെ തുടര്‍ന്ന് കേരളം 2020-21 വര്‍ഷത്തില്‍ പന്ത്രണ്ടാം സ്ഥാനത്തേക്ക് വീണിരുന്നു. പുതിയ റിപ്പോര്‍ട്ടില്‍ ഗുജറാത്താണ് ഒന്നാം സ്ഥാനം. 2030- ഓടെ സുസ്ഥിര ലക്ഷ്യം നേടുന്നതിനായി ആവിഷ്കരിച്ച ഘടകങ്ങള്‍ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കിയത്. (മാതൃഭൂമി)
ജൂലൈ 12
1. ഇന്ത്യന്‍ ഹരിത വിപ്ലവത്തിന്റെ പിതാവായ എം എസ് സ്വാമിനാഥന്റെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് 100 രൂപയുടെ പ്രത്യേക നാണം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കും. കേന്ദ്ര സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ 10-ാം വര്‍ഷികവുമായി ബന്ധപ്പെട്ടും 100 രൂപയുടെ നാണയം പുറത്തിറക്കും. (മലയാള മനോരമ)
2. അടിയന്തരാവസ്ഥക്കാലത്ത് പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ ചുമത്തിയിരുന്ന ആഭ്യന്തര സുരക്ഷ നിയമവുമായി (മിസ) ബന്ധപ്പെട്ട രേഖകള്‍ ഡല്‍ഹി സര്‍ക്കാര്‍ പുരത്തുവിടും. 1971-ല്‍ ഇന്ദിരാഗാന്ധി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം 1978-ല്‍ ജനതാപാര്‍ട്ടി അധികാരത്തിലെത്തിയപ്പോള്‍ പിന്‍വലിച്ചു. (മലയാള മനോരമ)
3. ഛത്രപതി ശിവാജിയുള്പ്പെടെയുള്ള മറാഠാ ഭരണാധികാരികള്‍ നിര്‍മിച്ച കോട്ടകളും ആവിഷ്കരിച്ച സൈനിക സംവിധാനങ്ങളും യുനെസ്കോയുടെ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തി. മറാഠാ ഭരണകൂടം മഹാരാഷ്ട്രയില്‍ നിര്‍മ്മിച്ച സാല്‍ഹര്‍, ശിവ്നേരി, ലോഹ്ഗാഡ്, റായ്ഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍വാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ്, തമിഴ്നാട്ടിലെ ഗിന്‍ജി കോട്ടകളാണ് പട്ടികയില്‍ ഇടംനേടിയത്. പാരിസില്‍ നടന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. (മലയാള മനോരമ)
4. മലയാളിയായ ഹനുമാന് കൈന്‍ഡിന്റെ പുതിയ സംഗീത ആല്‍ബം: മണ്‍സൂണ്‍ സീസണ്. (മലയാള മനോരമ)
5. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായ അഞ്ച് പന്തുകളിലും വിക്കറ്റ് നേടുന്ന ആദ്യ പുരുഷ താരമായി അയര്‍ലന്‍ഡ് ഓള്‍റൗണ്ടര്‍ കര്‍ട്ടിസ് കാംഫര്‍. 2024 സിംബാബ്വേ അണ്ടര്‍ 19 ടീമിനായി തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ വനിതാ ഓള്‍റൗണ്ടര്‍ കെല്ലിസ് ദലോവു വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. (മലയാള മനോരമ)
6. ഇന്ത്യയും യൂറോപ്യന്‍ ഫ്രീ ട്രേഡ് അസോസിയേഷനുമായുള്ള വ്യാപാരക്കരാര്‍ സ്വിറ്റ്സര്‍ലന്‍ഡ് അംഗീകരിച്ചു. സ്വിറ്റ്സര്‍ലന്‍ഡിനെ കൂടാതെ ഐസ് ലന്‍ഡ്, ലിക്റ്റന്സ്റ്റൈന്, നോര്‍വേ എന്നീ രാജ്യങ്ങളും ഈ അസോസിയേഷനിലുണ്ട്. (മലയാള മനോരമ)
7. ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച്സൈഡ് സ്റ്റാര്‍ട്ടപ്പ് സംഗമമായ ഹഡില്‍ ഗ്ലോബലിന്റെ ഏഴാം പതിപ്പ് ഡിസംബറില്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ നേതൃത്വത്തില്‍ കോവളത്ത് നടക്കും. (ദേശാഭിമാനി)
8. സംസ്ഥാനത്തെ ബ്ലോക്ക് പഞ്ചായത്തുകളിലെ വാര്‍ഡുകളുടെ എണ്ണം പുനര്‍വിഭജനത്തെ തുടര്‍ന്ന് 2267 ആയി. നേരത്തേയിത് 2080 ആയിരുന്നു. ആകെ 152 ബ്ലോക്ക് പഞ്ചായത്തുകളാണ് കേരളത്തിലുള്ളത്. (ദേശാഭിമാനി)
9. കേരള സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ദേശീയ താള വാദ്യോത്സവമായ തത്തിനതകത്തോമിന്റെ വേദി തൃശൂര്‍. (ദേശാഭിമാനി)
10. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആകാശത്തുനിന്നും ആകാശത്തെ ലക്ഷ്യത്തിലേക്ക് തൊടുക്കാവുന്ന അസ്ത്ര മിസൈല്‍ ഇന്ത്യ വിജയകരമായി പരീക്ഷിച്ചു. ഒഡീഷ തീരത്ത് സുഖോയ്-30 എംകെ ഒന്ന് യുദ്ധവിമാനത്തില്‍നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്. തദ്ദേശീയമായ നാവിഗേഷന്‍ സംവിധാനമാണ് മിസൈലിനെ ലക്ഷ്യത്തിലേക്ക് നയിച്ചത്. പ്രതിരോധ ഗവേഷണ വികസന സ്ഥാപനവും (ഡിആര്‍ഡിഒ) വ്യോമസേനയും സംയുക്തമായാണ് പരീക്ഷണം നടത്തിയത്. (മാതൃഭൂമി)
11. മനുഷ്യ-വന്യജീവി സംഘര്‍ഷം കുറയ്ക്കുന്നതിനായി കേരള വനഗവേഷണ കേന്ദ്രത്തിന്റേയും ട്രൈബല്‍ വകുപ്പിന്റേയും സഹായത്തോടെ വനം വകുപ്പ് ആദിവാസികളുടെ തനത് അറിവുകള്‍ ശേഖരിക്കുന്ന പദ്ധതിയാണ് ഗോത്രഭേരി. (മാതൃഭൂമി)
12. ലോകത്തിലെ ഏറ്റവും വേഗമാര്‍ന്ന ഇന്റര്‍നെറ്റ് സാങ്കേതികവിദ്യ ജപ്പാന് വികസിപ്പിച്ചു. സെക്കന്റില്‍ 1.02 പെറ്റാബിറ്റ് (സെക്കന്റില്‍ 1,020,000 ഗിഗാബൈറ്റിറ്റ്സ്) വേഗമാണ് കൈവരിച്ചത്. ജപ്പാനിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് ടെക്നോളജി ആണ് ഫൈബര്‍ ഒപ്റ്റിക് സാങ്കേതികവിദ്യയിലാണ് ഈ വേഗം കൈവരിച്ചത്. (ന്യൂഏജ്)

ഇഗ സിയാടെക് വിമ്പിള്‍ഡണ്‍ കിരീടവുമായി
ജൂലൈ 13
1. റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഎഫ്) ഡയറക്ടർ ജനറലായി സോനാലി മിശ്രയെ നിയമിച്ചു. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. പഞ്ചാബിലെ പാക് അതിർത്തിയിൽ ബിഎസ്എഫിനെ നയിച്ച ആദ്യ വനിതാ കമാൻഡറാണ് സോനാലി മിശ്രി. (മലയാള മനോരമ)
2. പൂനെയില്‍ നടന്ന ദേശീയ ഓപ്പണ്‍ അത്ലറ്റിക്സില് പുരുഷ ലോങ്ജമ്പില്‍ മലയാളിയായ എം ശ്രീശങ്കറിന് സ്വര്‍ണം. ശ്രീങ്കര്‍ 8.05 മീറ്റര്‍ ദൂരം ചാടി. ഒഡീഷയുടെ പി സരുണ്‍ വെള്ളിയും മലയാളി താരം ടി പി അമല്‍ വെങ്കലും നേടി. (മലയാള മനോരമ)
3. ഇംഗ്ലണ്ടില്‍ ലോഡ്സില്‍ നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സ് സ്കോര്‍ ടൈയായി. ഇരു ടീമുകളും ഒന്നാം ഇന്നിങ്സില്‍ 387 റണ്‍സെടുത്തു. ടെസ്റ്റ് ക്രിക്കറ്റില്‍ ഒന്നാം ഇന്നിങ്സില്‍ സ്കോര്‍ തുല്യമാകുന്നത് ഇത് ഒമ്പതാമത്തെ തവണയാണ്. 1958-ല്‍ വിന്‍ഡീസിനെതിരായ മത്സരത്തിലും ഇന്ത്യയുടെ സ്കോര്‍ ടൈ ആയിട്ടുണ്ട്. ഒന്നാമിന്നിങ്സില്‍ ഇംഗ്ലണ്ടിനുവേണ്ടി ജോ റൂട്ടും ഇന്ത്യയ്ക്കുവേണ്ടി കെ എല്‍ രാഹുലും സെഞ്ച്വറി നേടി. ലോഡ്സില്‍ രണ്ട് ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍. ദിലീപ് വെങ്സര്‍ക്കാര്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഇംഗ്ലണ്ടില്‍ കൂടുതല്‍ ടെസ്റ്റ് അര്‍ധ സെഞ്ച്വറി നേടുന്ന വിക്കറ്റ് കീപ്പറെന്ന റെക്കോര്‍ഡില്‍ ഋഷഭ് പന്ത് എം എസ് ധോണിക്ക് ഒപ്പമെത്തി. എട്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഇരുവരും നേടിയിട്ടുണ്ട്. (മലയാള മനോരമ).
4. 2025-ലെ വിമ്പിള്‍ഡണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടുകാരിയായ ഇഗ സ്യാംതെക് നേടി. ഫൈനലില്‍ ഒരു ഗെയിം പോലും നഷ്ടമാക്കാതെ 6-0, 6-0 എന്ന സ്കോറിന് യുഎസ് താരം അമാന്‍ഡ അനിസിമോവയെ പരാജയപ്പെടുത്തി. ഇഗയുടെ ആറാം ഗ്രാന്‍ഡ്സ്ലാം കിരീടം ആണിത്. 1911-ന് ശേഷം ഇതാദ്യമായിട്ടാണ് വിമ്പിള്‍ഡണ്‍ വനിതാ ഫൈനലില്‍ ഒരു ഗെയിം പോലും നഷ്ടപ്പെടാതെ ഒരു താരം കിരീടം നേടുന്നത്. വിമ്പിള്‍ഡണ്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ പോളണ്ട് താരമാണ് ഇഗ. ഇഗ നാല് തവണ ഫ്രഞ്ച് ഓപ്പണും ഒരു തവണ യുഎസ് ഓപ്പണും നേടിയിട്ടുണ്ട്. (മലയാള മനോരമ)
5. വിമ്പിള്‍ഡണ്‍ പുരുഷ ഡബിള്‍സ് കിരീടം ബ്രിട്ടന്റെ ജൂലിയന്‍ കാഷ്- ലോയ്ഡ് ഗ്ലാസ്പൂള്‍ സഖ്യം നേടി. ഫൈനലില്‍ ഓസ്ട്രേലിയയുടെ റിങ്കി ഹിജികാറ്റ- നെതര്‍ലന്‍ഡ്സിന്റെ ഡേവിഡ് പാല് സഖ്യത്തെ 6-2, 7-6 എന്ന സ്കോറിന് പരാജയപ്പെടുത്തി. (മലയാള മനോരമ)
6. ഇറ്റലി ആദ്യമായി ടി20 ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി. അടുത്ത വര്‍ഷം ഇന്ത്യയിലും ശ്രീലങ്കയിലുമായിട്ടാണ് ലോകകപ്പ് നടക്കുന്നത്. (മലയാള മനോരമ)
7. മലയാള സിനിമയുടെ പിതാവായ ജെ സി ഡാനിയേലിന്റെ പൂര്‍ണകായ പ്രതിമ തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയില്‍ സ്ഥാപിക്കും. പ്രതിമയുടെ ശില്പി കുന്നുവിള മുരളി. (മാതൃഭൂമി)
8. അന്താരാഷ്ട്ര അസ്ട്രോണമിക്കല്‍ യൂണിയന്റെ (എഐയു) ഉല്‍ക്കാപഠന നേതൃസമിതിയില്‍ മലയാളിയായ അശ്വിന് ശേഖര്‍ അംഗമായി. ഉല്‍ക്കാവര്‍ഷം പ്രവചിക്കാനുള്ള ആധുനിക സിദ്ധാന്തം രൂപപ്പെടുത്തിയ മലയാളി ശാസ്ത്രജ്ഞനാണ് അശ്വിന് ശേഖര്‍. ഈ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ഇന്ത്യക്കാരനാണ് അദ്ദേഹം. അശ്വിന് 2016-ല്‍ രൂപപ്പെടുത്തിയ ത്രീ-ബോഡി റെസൊണന്‍സ് സിദ്ധാന്തമാണ് ഉല്‍ക്കാവര്‍ഷം പ്രവചിക്കാന്‍ ഉപയോഗിക്കുന്നത്. എഐയു ഒരു ഛിന്നഗ്രഹത്തിന് അശ്വിന് ശേഖറിന്റെ പേര് നല്‍കിയിട്ടുണ്ട്. (മാതൃഭൂമി)

യാന്നിക് സിന്നര്‍ വിമ്പിള്‍ഡണ്‍ കിരീടവുമായി
ജൂലൈ 4
1. മലയാളിയായ സി സദാനന്ദൻ, മുൻവിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല, അഭിഭാഷകനും മുംബൈ ഭീകരാക്രമണക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടറുമായിരുന്ന ഉജ്വൽ നികം, ചരിത്രകാരി മീനാക്ഷി ജയിൻ എന്നിവരെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തു. 2031 ജൂലൈ 12 വരെയാണ് ഇവരുടെ കാലാവധി. വിവിധ മേഖകളിലെ മികവിന് രാഷ്ട്രപതിക്ക് 12 പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം. (മലയാളമനോരമ)
2. തെലുങ്ക് ചലച്ചിത്ര നടന് കോട്ട ശ്രീനിവാസറാവു അന്തരിച്ചു. 750-ല്‍ അധികം സിനിമകളില്‍ അഭിനിയിച്ചിട്ടുള്ള ശ്രീനിവാസറാവു ദ് ട്രെയിന്‍ എന്ന മലയാള സിനിമയിലും അഭിനയിച്ചു. (മലയാളമനോരമ, മാതൃഭൂമി)
3. നൈജീരിയ മുന്‍പ്രസിഡന്റ് മുഹമ്മദ് ബുഹാരി അന്തരിച്ചു. (മലയാളമനോരമ)
4. ഇംഗ്ലീഷ് ക്ലബ് ചെല്‍സിക്ക് ക്ലബ് ലോകകപ്പ് ഫുട്ബോള്‍ കിരീടം. ഫ്രഞ്ച് ക്ലബായ പിഎസ്ജിയെ 3-0-ന് പരാജയപ്പെടുത്തി. കോള്‍ പാമര്‍ രണ്ട് ഗോളുകളും ജോവ പെഡ്രോ ഒരു ഗോളും നേടി. ക്ലബ് ലോകകപ്പിലെ മികച്ച താരത്തിനുള്ള സ്വര്‍ണപ്പന്ത് ചെല്‍സിയുടെ കോള്‍ പാല്‍മര്‍ നേടി. (മലയാളമനോരമ)
4. വിമ്പിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം യാനിക് സിന്നറിന്. പുരുഷ സിംഗിള്‍സ് ഫൈനലില്‍ കാര്‍ലോസ് അല്‍കാരസിനെ 4-6, 6-4, 6-4, 6-4 എന്ന സ്കോറിന് പരാജയപ്പെടുത്തി. സിന്നറിന്റെ നാലാം ഗ്രാന്സ്ലാം കിരീടമാണിത്. വിമ്പിള്‍ഡന്‍ സിംഗിള്‍സ് കിരീടം നേടുന്ന ആദ്യ ഇറ്റാലിയന്‍ താരമെന്ന റെക്കോര്‍ഡും സിന്നര്‍ സ്വന്തമാക്കി. (മലയാളമനോരമ)
5. തമിഴ്നാട്ടുകാരനായ ഹരികൃഷ്ണന് ചെസ് ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി. ഇന്ത്യയുടെ 87-ാം ചെസ് ഗ്രാന്‍ഡ്മാസ്റ്ററാണ് ഹരികൃഷ്ണന്. (മലയാളമനോരമ)
6. വിമ്പിള്‍ഡന്‍ ടെന്നീസ് ജൂനിയര്‍ ഫൈനലില്‍ യുഎസ് താരമായ ഇന്ത്യന്‍ വംശജന് റോനിത് കര്‍ക്കി ഫൈനലില്‍ തോറ്റു. ബള്‍ഗേറിയയുടെ ഇവാന് ഇവനോവാണ് റോനിതിനെ പരാജയപ്പെടുത്തിയത്. (മലയാളമനോരമ)
7. ഇംഗ്ലണ്ടില്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം ആദ്യമായി ടി20 പരമ്പര നേടി. അഞ്ച് മത്സര പരമ്പരയില്‍ മൂന്ന് മത്സരങ്ങള്‍ ഇന്ത്യയും രണ്ടെണ്ണം ഇംഗ്ലണ്ടും വിജയിച്ചു. പരമ്പരയിൽ പത്ത് വിക്കറ്റുകൾ നേടിയ നല്ലപുറെഡ്ഡി ശ്രീചരണി പരമ്പരയിലെ താരം. (മലയാളമനോരമ, ദേശാഭിമാനി)
8. കുവൈറ്റ് കലാട്രസ്റ്റ് പുരസ്കാരം സാഹിത്യകാരന് ബെന്യാമിന് ലഭിച്ചു. (ദേശാഭിമാനി)
9. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഡെങ്കിപ്പനി പ്രതിരോധ വാക്സിന് ഡെങ്കുഓള് മൂന്നാംഘട്ട പരീക്ഷണം ഒക്ടോബറില്‍ പൂര്‍ത്തിയാകുമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്. ഈ വാക്സിന് വികസിപ്പിക്കുന്നത് പനേഷ്യ ബയോടെക് ആണ്. (മാതൃഭൂമി)
ജൂലൈ 15
1. ബഹിരാകാശ നിലയത്തിലെ 18 ദിവസത്തെ വാസത്തിനുശേഷം ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല ജൂലൈ 14-ന് ഭൂമിയിലേക്ക് യാത്ര തിരിച്ചു. ശുഭാശുവും സഹയാത്രികരായ യുഎസിലെ പെഗ്ഗി വിറ്റ്സണും പോളണ്ടിനലെ സ്ലാവോസ് വിസ്നീവ്സ്കിയും ഹംഗറിയുടെ ടിബോര്‍ കാപുവും കയറിയ ക്രൂഡ്രാഗണ്‍ പേടകം 23 മണിക്കൂര്‍ യാത്ര ചെയ്ത് ഭൂമിയിലെത്തും. ശുഭാംശുവിന്റെ യാത്രയ്ക്കായി ഇന്ത്യ 550 കോടി രൂപയാണ് ചെലവഴിച്ചത്. (മലയാള മനോരമ)
2. മലയാളിയായ പി എസ് ശ്രീധരന്‍പിള്ളയ്ക്ക് പകരം ഗോവ ഗവര്‍ണറായി ഗജപതി രാജുവിനെ നിയമിച്ചു. മുമ്പ് മിസോറാമിലും പിള്ള ഗവര്‍ണറായിരുന്നു. ഹരിയാന ഗവര്‍ണറായി ആഷിം കുമാര്‍ ഘോഷിനേയും ലഡാക്ക് ലഫ്റ്റനന്റ് ഗവര്‍ണറായി കാവിന്ദര് ഗുപ്തയേയും നിയമിച്ചു. (മലയാള മനോരമ)
3. കേരള ഹൈക്കോടതി ജഡ്ജി ഡി കെ സിങ്ങിനെ കര്‍ണ്ണാടക ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി. (മലയാള മനോരമ)
4. പൗരന്മാര്ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുക, മാറ്റങ്ങള്‍ വരുത്തുക, പേര് നീക്കുക തുടങ്ങിയവ ചെയ്യാന്‍ വേണ്ടി ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്തിറക്കിയ മൊബൈല്‍ ആപ്പാണ് വോട്ടര്‍ ഹെല്പ് ലൈന്‍. (മലയാള മനോരമ)
5. കുടുംബശ്രീ ഉല്പന്നങ്ങള് ഓണ്‍ലൈനായി ലഭ്യമാക്കാനുള്ള ആപ്പ് പോക്കറ്റ് മാര്‍ട്ട്. (മലയാള മനോരമ)
6. ജൂണില്‍ ഇന്ത്യയിലെ വിലക്കയറ്റത്തോത് (പണപ്പെരുപ്പം) കഴിഞ്ഞ ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 2.1 ശതമാനമായി. 2019 ജനുവരിയിലാണ് ഇതിലും കുറഞ്ഞ നിരക്കായ 1.97 ശതമാനം രേഖപ്പെടുത്തിയത്. ഈ വര്‍ഷം മെയ് മാസത്തിലെ വിലക്കയറ്റത്തോത് 2.82 ശതമാനമായിരുന്നു. വിലക്കയറ്റത്തോത് സ്ഥിരമായി നാല് ശതമാനത്തിന് താഴെ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വര്‍ഷം (2025-26) വിലക്കയറ്റം 3.7 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐയുടെ അനുമാനം. അതേസമയം, മൊത്തവിപണിയില്‍ വിലക്കയറ്റത്തോത് നെഗറ്റീവിലാണ്. 19 മാസങ്ങള്‍ക്കുശേഷം -0.13 ശതമാനമെന്ന നിരക്കിലാണുള്ളത്. പണച്ചുരുക്കം അല്ലെങ്കില്‍ ഡിഫ്ളേഷന്‍ എന്ന സാഹചര്യമാണിത്. പണപ്പെരുപ്പ നിരക്ക് പൂജ്യം ശതമാനത്തിന് താഴെ ആകുന്ന സാഹചര്യമാണ് പണച്ചുരുക്കം. (മലയാള മനോരമ)
7. മലയാളി സംവിധായകന് സിദ്ധാര്‍ഥ് ഹരികുമാറഇന്റെ വാസു എന്ന സിനിമ വിദ്യാര്‍ത്ഥി ഓസ്കര് പുരസ്കാരത്തിനുള്ള സെമിഫൈനലില്‍ ഇടംനേടി. (മലയാള മനോരമ)
8. കന്നഡ സിനിമയിലെ ആദ്യത്തെ ലേഡി സൂപ്പര്‍സ്റ്റാര്‍ ബി സരോജ ദേവി അന്തരിച്ചു. അഭിനയ സരസ്വതി എന്ന പേരില്‍ പ്രസിദ്ധയായി. 1955-ല്‍ അഭിനയിച്ച മഹാകവി കാളിദാസ എന്നതാണ് ആദ്യ സിനിമ. 2019-ല്‍ അഭിനയിച്ച നടസ്സാര്വഭൗമ എന്ന ചിത്രമാണ് അവസാനത്തേത്. 1969-ല്‍ പത്മശ്രീയം 1992-ല്‍ പത്മഭൂഷണനും നേടി. കര്‍ണാടക രാജ്യോത്സവ പുരസ്കാരവും തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരവും ലഭിച്ചിട്ടുണ്ട്. (മലയാള മനോരമ)
9. ഇന്ത്യയിലെ രണ്ടാമത്തെ നീളമേറിയ കേബിള്‍ പാലം ശിവമോഗയിലെ ശരാവതി അണക്കെട്ടിന് കുറുകെ നിര്‍മ്മിച്ചു. ഈ പാലം സാഗര്‍ അംബരഗൊഡ്ലു- കലസവള്ളി പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നു. ദേശീയ പാത 369 ഇയുടെ ഭാഗമായ പാലത്തിന് 2.44 കിലോമീറ്റര്‍ ദൈര്‍ഘ്യമുണ്ട്. (മലയാള മനോരമ)
10. ഇന്ത്യയിലെ ഏറ്റവും പ്രായമേറിയ മാരത്തണ്‍ ഓട്ടക്കാരനായ ഫൗജ സിങ് (114 വയസ്സ്) വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 89-ാം വയസ്സിലാണ് മാരത്തണില്‍ പങ്കെടുക്കാന്‍ തുടങ്ങിയത്. 18 മാരത്തണുകളില്‍ പങ്കെടുത്തിട്ടുള്ള അദ്ദേഹം 2013-ല്‍ വിരമിച്ചു. ദി ടര്‍ബന്‍ഡ് ടൊര്ണാഡോയെന്ന അദ്ദേഹത്തിന്റെ ആത്മകഥ പ്രശസ്ത എഴുത്തുകാരന് ഖുശ് വന്ത് സിങ്ങാണ് രചിച്ചത്. (മലയാള മനോരമ)
11. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് തോല്‍വി. പരമ്പരയില്‍ ഇംഗ്ലണ്ട് 2-1-ന് മുന്നിലെത്തി. ഇംഗ്ലണ്ടില്‍ തുടര്‍ച്ചയായി നാല് ഇന്നിങ്സുകളില്‍ അര്‍ധ സെഞ്ച്വരി നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് രവീന്ദ്ര ജഡേജ നേടി. സൗരവ്ഗാംഗുലിയും ഋഷഭ് പന്തുമാണ് ആദ്യത്തെ രണ്ടുപേര്‍. (മലയാള മനോരമ, ദേശാഭിമാനി)
12. യുഎസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റില്‍ മുംബൈ ഇന്ത്യന്‍സ് ന്യൂയോര്‍ക്കിന് കിരീടം. ഫൈനലില്‍ വാഷിങ്ടണ്‍ ഫ്രീഡത്തിനെ പരാജയപ്പെടുത്തി. (മലയാള മനോരമ)
13. പഞ്ചസാരയുടേയും എണ്ണയുടേയും ഉപയോഗം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ജിലേബിയുടേയും സമൂഹസയുടേയും കവറിലും മുന്നറിപ്പ് രേഖപ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ഓരോ പലഹാരങ്ങളിലുമുള്ള കൊഴുപ്പിന്റേയും പഞ്ചസാരയുടേയും അളവ് എല്ലാ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളിലേയും കഫെറ്റീരിയകള്ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്കി. ലഡ്ഡു, വടാപാവ്, ഗുലാബ് ജാമുന്, ബിസ്കറ്റ് പാക്കറ്റുകളിലും മുന്നറിപ്പ് രേഖപ്പെടുത്തും. (ദേശാഭിമാനി)
14. തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ സ്റ്റണ്ട് ആര്‍ട്ടിസ്റ്റായ എസ് എം രാജു (52) ചിത്രീകരണത്തിനിടെ ഉണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടു. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന വേട്ടുവന്‍ സിനിമയുടെ ചിത്രീകരണ സമയത്താണ് അപകടം. (ദേശാഭിമാനി)
15. ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യയുടെ (എല്‍ഐസി) മാനേജിങ് ഡയറക്ടറും സിഇഒയുമായ ആര് ദൊരൈസ്വാമി ചുമതലയേറ്റു. (മാതൃഭൂമി)
16. മൂന്നാമത്തെ ചേര രാജാവായ കോത രവി പെരുമാളിന്റെ ശിലാലിഖിതം മലപ്പുറം ജില്ലയിലെ മഞ്ചേരി തൃക്കലങ്ങോട് മേലേടത്ത് മഹാശിവ വേട്ടക്കൊരുമകന്‍ ക്ഷേത്രത്തില്‍ കണ്ടെത്തി. 9 മുതല്‍ 12 വരെയുള്ള നൂറ്റാണ്ടുകളില്‍ മഹോദയപുരം (കൊടുങ്ങല്ലൂര്‍) ആസ്ഥാനമാക്കി കേരളം ഭരിച്ചിരുന്ന രാജവംശമാണ് ചേര വംശം. 883-ല്‍ അധികാരമേറ്റ രാജാവാണ് കോത രവി പെരുമാള്‍. പ്രാചീന കേരളത്തില്‍ എഴുതാന്‍ ഉപയോഗിച്ചിരുന്ന വട്ടെഴുത്ത് ലിപിയിലുള്ളതാണ് ഈ ശിലാലിഖിതം. കേരളത്തില്‍ കണ്ടെത്തുന്ന പത്താമത്തെ ശിലാലിഖിതം കൂടിയാണിത്. ഈ ലിഖിതം അനുസരിച്ചുള്ള കരാര്‍ ലംഘിക്കുന്നവര്‍ മൂഴിക്കല സംവിധാനം ലംഘിക്കുന്നതായി കണക്കാക്കുമെന്ന് ലിഖിതത്തിന്റെ അവസാനം പറയുന്നു. ചേര ഭരണത്തില്‍ നിലനിന്നിരുന്ന ഭൂമി കൈകാര്യം ചെയ്യുന്ന അല്ലെങ്കില്‍ ഭരണപരമായ സംവിധാനമാണ് മൂഴിക്കല. (ദി ഹിന്ദു)
17. സിക്കിമിലെ പാക്യോങ് ജില്ലയിലെ യാക്ടെന് ഗ്രാമത്തെ ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ നാടോടി ഗ്രാമമായി പ്രഖ്യാപിച്ചു. ഇന്ത്യയിലേയും വിദേശത്തേയും ഡിജിറ്റല്‍ പ്രൊഫഷണലുകള്‍ക്ക് ജോലി ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്. (ദി ഹിന്ദു)
ജൂലൈ 16
1. അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ വസിച്ച ആദ്യ ഇന്ത്യാക്കാരനായ ശുഭാംശു ശുക്ല ജൂലൈ 15-ന് തിരികെ ഭൂമിയിലെത്തി. ബഹിരാകാശ നിലയത്തില്‍നിന്നും 23 മണിക്കൂര്‍ യാത്ര ചെയ്ത് സ്പേസ്എക്സിന്റെ ഡ്രാഗണ്‍ ക്രൂ പേടകത്തില്‍ യുഎസിലെ കാലിഫോര്‍ണിയ തീരത്ത് പസഫിക് സമുദ്രത്തിലാണ് തിരിച്ചിറങ്ങിയത്. പെഗ്ഗി വിറ്റ്സണ്‍, സ്ലാവോസ് വിസ്നീവ്സ്കി, ടിബോര്‍ കാപു എന്നിവരും തിരിച്ചെത്തി. ബഹിരാകാശ നിലയത്തിലെ 18 ദിവസം ഉള്‍പ്പെടെ 21 ദിവസത്തോളം ശുഭാംശു ബഹിരാകാശത്ത് തങ്ങി. രാകേഷ് ശര്‍മ്മയ്ക്കുശേഷം ബഹിരാകാശത്ത് എത്തുന്ന ആദ്യ ഇന്ത്യാക്കാരന് എന്ന റെക്കോര്‍ഡും ശുഭാംശുവിന് ഉണ്ട്. (മലയാള മനോരമ)
2. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയുടെ 50 ശതമാനത്തിലധികവും ഹരിതോര്‍ജ്ജം ഉപയോഗിച്ചാണ് ഉല്പാദിപ്പിക്കുന്നതെന്ന് കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം. ഫോസില്‍ ഇതര വൈദ്യുതി ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയെന്ന ഉദ്ദേശ്യത്തോടെ 2023 ലക്ഷ്യം വച്ചു നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഈ സമയപരിധിക്ക് 5 വര്‍ഷം മുമ്പേ ലക്ഷ്യം കൈവരിച്ചു. ഇന്ത്യയുടെ ആകെ സ്ഥാപിത വൈദ്യുത ശേഷി 484.8 ഗിഗാ വാട്സാണ്. (മലയാളമനോരമ)
3. ശതകോടീശ്വരന്‍ ഇലോണ്‍ മസ്കിന്റെ ടെസ്ല കാര്‍ കമ്പനിയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയില്‍ ആരംഭിച്ചു. ടെസ്ല ഇന്ത്യയില്‍ വില്‍ക്കുന്ന ആദ്യത്തെ കാര്‍ മോഡല്‍ വൈ ആണ്. വില 59.68 ലക്ഷം രൂപ. ചൈനയില്‍നിന്നും ഇറക്കുമതി ചെയ്താണ് മോഡല്‍ വൈ ഇന്ത്യയില്‍ വില്‍ക്കുന്നത്. (മലയാളമനോരമ)
4. ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ധീരജ് കുമാര്‍ (79) അന്തരിച്ചു. (മലയാളമനോരമ)
5. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ രണ്ടാമത്തെ ചെറിയ ടോട്ടൽ എന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസിന്. ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റ് മത്സരത്തിൽ വെസ്റ്റ് ഇൻഡീസ് 27 റൺസിന് പുറത്തായി. 1955-ല്‍ ഇംഗ്ലണ്ടിനെതിരെ 26 റണ്‍സിന് പുറത്തായ ന്യൂസിലന്‍ഡിന്റെ പേരിലാണ് ഏറ്റവും ചെറിയ സ്കോര്‍ എന്ന റെക്കോര്‍ഡുള്ളത്. മലയാള മനോരമ)
6. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അഞ്ച് വിക്കറ്റ് എന്ന നേട്ടം മിച്ചല്‍ സ്റ്റാര്‍ക്ക് കൈവരിച്ചു. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് നേട്ടം. 15 പന്തുകള്‍ക്കിടെ 5 വിക്കറ്റുകള്‍ നേടി. കരിയറിലെ 100-ാം ടെസ്റ്റ് മത്സരത്തിലാണ് റെക്കോര്‍ഡ് നേടിയത്. (മലയാള മനോരമ)
7. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ശബ്ദത്തിന്റെ 8 മടങ്ങ് വേഗമുള്ള മിസൈല്‍ പരീക്ഷണം വിജയം. ഈ ഹൈപ്പര്‍ സോണിക് മിസൈല്‍ മൂന്ന് മിനിട്ട് കൊണ്ട് 1500 കിലോമീറ്റര്‍ സഞ്ചരിക്കും. അതിനാല്‍ റഡാറുകളെ ശ്രദ്ധയില്‍പ്പെടില്ല. തദ്ദേശീയമായി വികസിപ്പിച്ച സ്ക്രാംജെറ്റ് എഞ്ചിനാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആര്‍ഡിഒ) ആണ് വികസിപ്പിച്ചത്. പ്രൊജക്ട് വിഷ്ണു എന്ന പേരിലാണ് എക്സ്റ്റന്‍ഡഡ് ട്രാജക്റ്ററി ലോങ് ഡ്യൂറേഷന്‍ ഹൈപ്പര്‍ സോണിക് ക്രൂസ് മിസൈല്‍ വികസിപ്പിക്കുന്നത്. ശബ്ദത്തിന്റെ മൂന്നിരട്ടി വേഗമുള്ള മിസൈലായ ബ്രഹ്മോസിനേക്കാള്‍ വേഗവും പ്രഹരശേഷിയും ഇതിനുണ്ട്. (ദേശാഭിമാനി)
ജൂലൈ 17
1. മുന്‍മന്ത്രി സി വി പത്മരാജന് അന്തരിച്ചു. 1982-ലേയും 1991-ലേയും കെ കരുണാകരന്റെ മന്ത്രിസഭയില്‍ ഗ്രാമവികസനം, ഫിഷറീസ്, വൈദ്യുതി, കയര്‍ വകുപ്പുകളിലും 1995ലെ എ കെ ആന്റണി മന്ത്രിസഭയില്‍ ധനം, കയര്‍, ദേവസ്വം വകുപ്പുകളും കൈകാര്യം ചെയ്തു. 1992-ല്‍ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരന് കാറപകടത്തില്‍ പരിക്കേറ്റ് അമേരിക്കയില്‍ ചികിത്സയ്ക്ക് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല പത്മരാജന് വഹിച്ചിട്ടുണ്ട്. 1983 മുതല്‍ 87 വരെ കെ പി സി സിയുടെ പ്രസിഡന്റായിരുന്നു. മിച്ചബജറ്റ് അവതരിപ്പിച്ച ധനമന്ത്രിമാരില്‍ ഒരാളാണ്. 2005-06 കാലഘട്ടത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ വൈസ് ചെയര്‍മാനായിരുന്നു. കേരളത്തില്‍ 20 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാക്കിയത് പത്മരാജന് വൈദ്യുതി മന്ത്രി ആയിരുന്നപ്പോഴാണ്. (മലയാളമനോരമ)
2. കൊച്ചി മുസിരിസ് ബിനാലെയുടെ ആറാം എഡിഷന്റെ ക്യൂറേറ്ററായി പ്രശസ്ത കലാകാരനായ നിഖില്‍ ചോപ്രയെ നിയമിച്ചു. ഫോര്‍ ദ് ടൈം ബീയിങ് എന്നതാണ് ഇത്തവണ ബിനാലെയുടെ ആശയവാക്യം. (മലയാള മനോരമ)
3. അമേരിക്കന്‍ കവി ആന്‍ഡ്രിയ ഗിബ്സണ് അന്തരിച്ചു. (മലയാളമനോരമ)
4. മഹാത്മാഗാന്ധിയുടെ അപൂര്‍വ ഓയില്‍ പെയിന്റിങ്ങ് 1.65 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. 1931-ല്‍ ലണ്ടനില്‍ ഗാന്ധിജി രണ്ടാം വട്ടമേശ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ ക്ലെയര്‍ ലെയ്റ്റണ്‍ എന്ന ചിത്രകാരിയാണ് ഈ എണ്ണഛായ ചിത്രം വരച്ചത്. (മലയാള മനോരമ)
5. ഇന്ത്യന്‍ വനിതാ ടീം ഗോള്‍കീപ്പര്‍ അതിഥി ചൗഹാന് പ്രഫഷണല്‍ ഫുട്ബോളില്‍നിന്നും വിരമിച്ചു. ഇന്ത്യയ്ക്കുവേണ്ടി 57 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. (മലയാള മനോരമ)
ജൂലൈ 23
1.യുഎസ് കമ്പനിയായ ബോയിങ് നിര്‍മ്മിക്കുന്ന എഎച്ച്-64 അപ്പാച്ചി ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ കരസേന വാങ്ങി. ഇന്ത്യ ആറ് കോപ്റ്ററുകളാണ് വാങ്ങുന്നത്. ഇതില്‍ മൂന്നെണ്ണം കരസേനയുടെ ഭാഗമായി. ലോകത്തിലെ ഏറ്റവും അത്യാധുനിക വിവിധോദ്ദേശ്യ ആക്രമണ ഹെലികോപ്റ്ററാണ് എഎച്ച്-64 അപ്പാച്ചി. 22 ഇ-മോഡല്‍ അപ്പാച്ചി ഹെലികോപ്റ്ററുകള്‍ നിലവില്‍ കരസേനയുടെ പക്കലുണ്ട്. കരസേനയുടെ ജോധ്പൂര്‍ താവളത്തില്‍നിന്നാണ് എഎച്ച്-64 അപ്പാച്ചി പ്രവര്‍ത്തിക്കുക. (മലയാള മനോരമ)
2. ദേശീയ പ്രക്ഷേപണ ദിനം ജൂലൈ 23 ആണ്. ഇന്ത്യയില്‍ സംഘടിതമായ റേഡിയോ പ്രക്ഷേപണത്തിന് തുടക്കം കുറിച്ചത് 1927 ജൂലൈ 23-നാണ്. ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി ബോംബെ നിലയം ഉദ്ഘാടനം ചെയ്തത് ഈ ദിവസമാണ്. (മലയാള മനോരമ)
3. ഇന്ത്യയുടെ വ്യോമസേനയില്‍ നിന്നും മിഗ് 21 യുദ്ധ വിമാനങ്ങള്‍ ഡീകമ്മീഷന്‍ ചെയ്യുന്നു. ആറ് പതിറ്റാണ്ടുകളായി വ്യോമസേനയുടെ ഭാഗമായിരുന്നു മിഗ് 21. ചണ്ഡിഗഡ് വ്യോമതാവളത്തില്‍ സെപ്തംബര്‍ 19-ന് ഡീകമ്മീഷനിങ് ചടങ്ങുകള്‍ നടക്കും. നിലവില്‍ രണ്ട് മിഗ് 21 സ്ക്വാഡ്രനുകള്‍ സേനയുടെ ഭാഗമായുണ്ട്. തേജസ് എംകെ1എ മിഗിന് പകരക്കാരാകും. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച യുദ്ധ വിമാനമാണ് തേജസ് എംകെ1എ. വ്യോമസേനയിലെ ആദ്യത്തെ സൂപ്പര്‍ സോണിക് വിമാനമാണ് മിഗ്. 1963-ല്‍ വ്യോമ സേനയുടെ ഭാഗമായി. 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും 1971- െബംഗ്ലാദേശ് യുദ്ധത്തിലും 1999-ലെ കാര്‍ഗില്‍ യുദ്ധത്തിലും ഉപയോഗിച്ചു. ഇന്ത്യയുടെ വ്യോമ സേനയ്ക്ക് 42 സ്ക്വാഡ്രനുകള്‍ വേണമെന്നാണ് കണക്ക്. എന്നാല്‍ മിഗ് സ്ക്വാഡ്രനുകള്‍ വിരമിക്കുന്നതോടെ സ്ക്വാഡ്രനുകളുടെ എണ്ണം 29 ആയി കുറയും. ഒരു സ്ക്വാഡ്രനില്‍ 16 മുതല്‍ 18 വരെ യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടും. റഷ്യന്‍ യുദ്ധവിമാനമാണ് മിഗ്. വിമാനനിര്മ്മാതാക്കളായിരുന്ന മികോയാന്‍ ഗുരേവിച്ച് എന്ന പേരിന്റെ ചുരുക്ക രൂപമാണ് മിഗ്. പഴയ സോവിയറ്റ് യൂണിയനില്‍നിന്നും വാങ്ങിയ മിഗുകള്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം സേവനത്തിലുണ്ടായിരുന്ന യുദ്ധവിമാനം കൂടിയാണ്. (മലയാള മനോരമ, മാതൃഭൂമി)
4. ബുസാന്‍ ചലച്ചിത്ര മേളയുടെ ഏഷ്യന്‍ ഫിലിം മേക്കര്‍ ഓഫ് ദി ഇയര്‍ പുരസ്കാരം ഇറാനിലെ പ്രശസ്ത സംവിധായകനായ ജാഫര്‍ പനാഹിക്ക് ലഭിച്ചു. ഇതോടെ യൂറോപ്പിലെ മൂന്ന് പ്രധാന ചലച്ചിത്ര മേളകളിലും മികച്ച സംവിധായകനുള്ള അംഗീകാരം നേടുന്ന ആദ്യ ഏഷ്യന്‍ സംവിധായകന് എന്ന റെക്കോര്‍ഡ് പനാഹിയുടെ പേരിലായി. 2002-ല്‍ അദ്ദേഹത്തിന്റെ ചിത്രമായ ദ് സര്‍ക്കളിന് വെനീസ് മേളയില്‍ ഗോള്‍ഡന്‍ ലയണ്‍ പുരസ്കാരം നേടിയിരുന്നു. കൂടാതെ, 2015-ല്‍ ബര്‍ലിന്‍ മേളയില്‍ ഗോള്‍ഡണ്‍ ബെയര്‍ പുരസ്കാരം ടാക്സി എന്ന ചിത്രത്തിന് ലഭിച്ചു. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ഇറ്റ് വാസ് ജസ്റ്റ് ആന്‍ ആക്സിഡന്റ് എന്ന സിനിമയ്ക്ക് പാം ഡി ഓര് പുരസ്കാരം ലഭിച്ചിരുന്നു. (മലയാള മനോരമ)
5. യുനെസ്കോയില്‍നിന്നും യുഎസ് പിന്മാറുന്നു. ഇസ്രായേലിനോട് വിവേചനം കാണിക്കുന്നുവെന്നാരോപിച്ചാണ് പിന്മാറ്റം. ഇത് മൂന്നാം തവണയാണ് യുഎസ് യുനെസ്കോയില്‍നിന്നും പിന്മാറുന്നത്. 1984-ല്‍ സാമ്പത്തിക തിരിമറി ആരോപിച്ച് യുനെസ്കോ വിട്ട യുഎസ് 2003-ല്‍ തിരിച്ചുവന്നു. ഒന്നാം ട്രംപ് സര്‍ക്കാരിന്റെ കാലത്തും യുഎസ് യുനെസ്കോ വിട്ടിരുന്നു. പിന്നീട് 2021-ല്‍ ജോ ബൈഡന്റെ ഭരണകാലത്താണ് യുഎസ് തിരിച്ചെത്തിയത്. യുനെസ്കോയുടെ ആസ്ഥാനം ഫ്രാന്‍സ് തലസ്ഥാനമായ പാരീസ്. 1945-ല്‍ സ്ഥാപിതമായി. വിദ്യാഭ്യാസം, ശാസ്ത്രം, പൈതൃക സംരക്ഷണം എന്നിവയ്ക്കുവേണ്ടിയാണ് സംഘടന നിലവില്‍വന്നത്. യുനെസ്കോയുടെ ബജറ്റിന്റെ എട്ട് ശതമാനം നല്‍കുന്നത് യുഎസ് ആണ്. (മലയാള മനോരമ)
6. 2025 ജൂലൈയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയ ദ്വിരാഷ്ട്രങ്ങളാണ് യുകെയും മാലദ്വീപും. ഇന്ത്യയും യുകെയും സാമ്പത്തിക കരാറില്‍ ഒപ്പുവയ്ക്കും. (മലയാള മനോരമ)
7. 134-ാം ഡ്യൂറന്റ് കപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റ് കൊല്‍ക്കത്തയില്‍ ആരംഭിച്ചു. (മലയാള മനോരമ)
8. ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ഇന്ത്യന്‍ വനിതകള്‍ 2-1-ന് കരസ്ഥമാക്കി. നേരത്തെ ടി20 പരമ്പര 3-2-ന് ഇന്ത്യ നേടിയിരുന്നു. (മലയാള മനോരമ)
9. 2025 ജൂലൈ 23-ന് തെക്കന്‍ ചൈനയില്‍ രൂപംകൊണ്ട ചുഴലിക്കാറ്റാണ് വിഫ. (മാതൃഭൂമി)
10. അന്താരാഷ്ട്ര നാണയ നിധിയുടെ (ഐഎംഎഫ്) ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും മലയാളിയുമായ ഗീതാ ഗോപിനാഥ് തല്‍സ്ഥാനം രാജിവച്ചു. ഹാര്‍വാഡ് സര്‍വകലാശാലയില്‍ അധ്യാപികയാകും. 2022-ലാണ് ഫസ്റ്റ് ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറാകുന്നത്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ്. 2019-ല്‍ അവര്‍ ഐഎംഎഫില്‍ ചീഫ് ഇക്കണോമിസ്റ്റായിരുന്നു. 2016-18 കാലയളവില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവായി പ്രവര്‍ത്തിച്ചിട്ടുണ്ട്. (മാതൃഭൂമി)
11. ഭൗമനിരീക്ഷണത്തിനായി ഐഎസ്ആര്‍ഒയും നാസയും ചേര്‍ന്ന് നിര്‍മ്മിച്ച് വിക്ഷേപിക്കുന്ന നിസാര്‍ എന്ന ഉപഗ്രഹം ജൂലൈ 30-ന് വിക്ഷേപിക്കും. കാലാവസ്ഥയില്‍ ഉള്‍പ്പെടെ ഭൗമോപരിതലത്തിലുള്ള ചെറിയ മാറ്റങ്ങള്‍ പോലും സൂക്ഷ്മമായി വിവരങ്ങള്‍ ശേഖരിക്കാനും കൈമാറാനും ഈ ഭൗമനിരീക്ഷണ ഉപഗ്രഹത്തിന് സാധിക്കും. നാസ- ഐഎസ്ആര്‍ഒ സിന്തറ്റിക് അപ്പേര്‍ച്ചര്‍ റഡാര്‍ എന്നാണ് നിസാറിന്റെ പൂര്‍ണരൂപം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന് സ്പേസ് സെന്ററില്‍നിന്നാണ് വിക്ഷേപിക്കുന്നത്. വിക്ഷേപണ വാഹനം- ജിഎസ്എല്‍വി എഫ് 16. ഐഎസ്ആര്‍ഒയും നാസയും സംയുക്തമായി നടത്തുന്ന ആദ്യ ഉപഗ്രഹ വിക്ഷേപണമാണ് നിസാറിന്റേത്. ഭാരം 2,392 കിലോഗ്രാം. ഇരട്ട ഫ്രീക്വന്‍സിയുള്ള സിന്തറ്റിക് അപ്പര്‍ച്ചര്‍ റഡാറിലൂടെ ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്ന ആദ്യ ഭൗമനിരീക്ഷണ ഉപഗ്രഹമാണിത്. നാസയുടെ ദീര്‍ഘ തരംഗദൈര്‍ഘ്യമുള്ള റഡാറും ഐഎസ്ആര്‍ഒയുടെ ഹ്രസ്വതരംഗ ദൈര്‍ഘ്യമുള്ള റഡാറും ചേര്‍ന്നതാണിത്. ഭൗമോപരിതലത്തില്‍നിന്നും ശേഖരിക്കുന്ന വിവരങ്ങള്‍ 12 ദിവസത്തെ ഇടവേളയില്‍ കൈമാറും. രാത്രിയിലും പകലിലും എല്ലാ കാലാവസ്ഥയിലും വിവരശേഖരണം നടത്തും. (മാതൃഭൂമി)
12. സംസ്ഥാനത്തെ 14 ജില്ലാ പഞ്ചായത്തുകളിലേയും വാര്‍ഡുകളുടെ എണ്ണം 346 ആയി വര്‍ദ്ധിച്ചു. പുനര്‍വിഭജനത്തെ തുടര്‍ന്നാണ് എണ്ണം വര്‍ദ്ധിച്ചത്. നേരത്തെ 331 വാര്‍ഡുകള്‍ ആയിരുന്നു. (മാതൃഭൂമി)
13. ഇന്ത്യയിലെ ആദ്യത്തെ വേഴാമ്പല്‍ സംരക്ഷണ കേന്ദ്രം തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ ആനമല കടവുസങ്കേതത്തില് സ്ഥാപിക്കും. മലമുഴക്കി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടുവേഴാമ്പല്‍, കോഴി വേഴാമ്പല്‍ എന്നീ ഇനങ്ങളാണ് ആനമലയില്‍ കാണപ്പെടുന്നത്. (മാതൃഭൂമി)
14. ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ ബ്ലാക്ക് സാബത്തിലെ ഗായകരില്‍ ഒരാളായ ഓസി ഒസ്ബോണ്‍ അന്തരിച്ചു. (മാതൃഭൂമി)
ജൂലൈ 24
1. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ചൈന ടിബറ്റിലെ ബ്രഹ്മപുത്രയില്‍ നിര്‍മ്മിക്കുന്നു. (മലയാള മനോരമ)
2. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി.
3. അസം മുഖ്യമന്ത്രി പേമ ഖണ്ഡു
4. മാര്ട്ടിന് ലൂഥര്‍ കിങ് ജൂനിയറിന്റെ വധവുമായി ബന്ധപ്പെട്ട അന്വേഷണ രേഖകള്‍ യുഎസ് പുറത്തുവിട്ടു. അദ്ദേഹം വധിക്കപ്പെട്ടത് 1968 ഏപ്രില്‍ നാലിനാണ്. 1963-ലെ നേരത്തെ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട രേഖകളും ട്രംപ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. (മലയാള മനോരമ)
5. മണിപ്പൂരിലെ പ്രശസ്ത നാടക പ്രവര്‍ത്തകനായ രതന് തീയം അന്തരിച്ചു. ന്യൂഡല്‍ഹിയിലെ നാഷണല്‍ സ്കൂള്‍ ഓഫ് ഡ്രാമയുടെ മുന്‍ ഡയറക്ടറായിരുന്നു. ഇംഫാല്‍ ആസ്ഥാനമായ കോറസ് റിപര്റ്ററി തിയേറ്ററിന്റെ സ്ഥാപകനാണ്. മണിപ്പൂരിന്റെ പരമ്പരാഗത കലാരൂപങ്ങളെ സമകാലിക കലയുമായി കോര്‍ത്തിണക്കി പുതുമയുള്ള നാടകങ്ങള്‍ എഴുതിയിട്ടുണ്ട്. കര്‍ണഭാരം, ഇംഫാല്‍ ഇംഫാല്‍, ചക്രവ്യൂഹം, ഉത്തര്പ്രിയദര്ശിനി, ഊരുഭംഗം, ഋതുസംഹാരം, അന്ധയുഗ് തുടങ്ങിയവ പ്രധാനപ്പെട്ട നാടകങ്ങള്‍. (മലയാളമനോരമ)
4. സംഗീതസംവിധായകനും ഗായകനുമായ എ ആര് റഹ്മാന് യുഎസിലും കാനഡയിലുമായി നടത്തുന്ന സംഗീത പരിപാടിയാണ് വണ്ടര്‍മെന്റ് ടൂര്‍. (മലയാളമനോരമ)
5. ലോകസഭാ സ്പീക്കര്‍- ഓം ബിര്‍ല
6. രാജ്യസഭാ ഉപാധ്യക്ഷന്‍- ഹരിവംശ്
7. അഞ്ചുവര്‍ഷത്തെ കാലാവധി തികയ്ക്കാതെ രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗദീപ് ധന്‍കര്‍. വി വി ഗിരി രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഉപരാഷ്ട്രപതി സ്ഥാനം രാജിവച്ചിരുന്നു. 1969 മെയ് 3 മുതല്‍ അദ്ദേഹം ആക്ടിങ് രാഷ്ട്രപതിയായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഏറ്റവും കുറഞ്ഞ കാലം ഉപരാഷ്ട്രപതിയായി പ്രവര്‍ത്തിച്ചിരുന്നതും ഗിരിയാണ്. രണ്ടേകാല്‍ വര്‍ഷം. ആര് വെങ്കട്ടരാമന് ഏകദേശം മൂന്ന് വര്‍ഷം ഉപരാഷ്ട്രപതി സ്ഥാനം വഹിച്ചശേഷം 1987-ല്‍ രാഷ്ട്രപതിയായി. പദവിയിലിരിക്കെ മരിച്ച ഏക ഉപരാഷ്ട്രപതി കൃഷ്ണ കാന്ത് ആണ്. ഡോ എസ് രാധാകൃഷ്ണനും ഡോ മുഹമ്മദ് ഹമീദ് അന്‍സാരിയും രണ്ട് തവണ ഉപരാഷ്ട്രപതിയായിട്ടുണ്ട്. കാലാവധിയ്ക്കിടയില്‍ അധിവര്‍ഷം വന്നതിനാല്‍ ഏറ്റവും കൂടുതല്‍ കാലം ഉപരാഷ്ട്രപതിയായതിന്റെ റെക്കോര്‍ഡ് അന്‍സാരിക്കാണ്. 3653 ദിവസം. 3652 ദിവസമാണ് രാധാകൃഷ്ണന് ഉപരാഷ്ട്രപതിയായിരുന്നത്. (മലയാള മനോരമ)
8. ഭരണഘടനയുടെ 324-ാം വകുപ്പ് പ്രകാരം ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ചുമതല കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനാണ്. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരുള്‍പ്പെടെ രാജ്യസഭാംഗങ്ങള്‍ക്കും ലോകസഭയിലെ അംഗങ്ങള്‍ക്കുമാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളത്. രാജ്യസഭാ സെക്രട്ടറി ജനറലായിരിക്കും റിട്ടേണിങ് ഓഫീസര്‍.
9. ദേവദാസികളുടെ കുട്ടികളെ നിയമപരമായ മക്കള്‍ ആയി കണക്കാക്കാനും ഹിന്ദു വ്യക്തിനിയമം അനുസരിച്ച് പിന്തുടര്ച്ചാവകാശവും സ്വത്തവകാശവും ഉറപ്പാക്കുന്നതിനായി കര്‍ണ്ണാടക സര്‍ക്കാര്‍ നിയമം പാസാക്കും. (മലയാള മനോരമ)
10. ഇന്ത്യയുടെ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ ദിവ്യ ദേശ്മുഖ് വനിതാ ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ താരം വനിതാ ലോകകപ്പ് ഫൈനലില്‍ എത്തുന്നത്. മുന്‍ലോക ഒന്നാം നമ്പര്‍ താരം ടാന്‍ സോങ് യിയെ അട്ടിറിച്ചാണ് ദിവ്യ ഫൈനലില്‍ എത്തിയത്. അടുത്ത വനിതാ ലോക ചാമ്പ്യന്‍ഷിപ്പിനുള്ള കാന്‍ഡിഡേറ്റ് ടൂര്‍ണമെന്റിനും ദിവ്യ യോഗ്യത നേടി. (മലയാള മനോരമ)
11. ശുദ്ധവായുവും ജലവും ആരോഗ്യകരവും സുസ്ഥിരവുമായ പരിസ്ഥിതിയും മനുഷ്യാവകാശമാണെന്ന് രാജ്യാന്തര നീതിന്യായ കോടതി അഭിപ്രായപ്പെട്ടു. (മലയാള മനോരമ)
12. ഭരണഘടനയുടെ അനുച്ഛേദം 63 (2) അനുസരിച്ച് ഉപരാഷ്ട്രപതിയുടെ കാലാവധി തീരുന്നതിന് 60 ദിവസങ്ങള്‍ക്ക് മുമ്പ് തിരഞ്ഞെടുപ്പ് നടത്തണം. നിലവിലെ ഉപരാഷ്ട്രപതി രാജി വയ്ക്കുക, നീക്കം ചെയ്യുക, മരണം എന്നീ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഒഴിവിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കും ഉപരാഷ്ട്രപതി പദവിയില്‍ അഞ്ചുവര്‍ഷം കാലാവധി ലഭിക്കും. പ്രിഫറന്‍സ് വോട്ടിങ് രീതിയിലൂടെയാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ബാലറ്റ് പേപ്പര്‍ സാധുവാകാന്‍ ഒന്നാം പ്രിഫറന്‍സ് വോട്ട് നിര്‍ബന്ധമാണ്. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന് പാര്‍ട്ടി വിപ്പ് ബാധകമാകില്ല. കൂറുമാറ്റ നിരോധന നിയമത്തിന്റെ പരിധിയില്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് വരില്ല. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. ലോകസഭയിലേയും രാജ്യസഭയിലേയും നിലവിലെ അംഗബലം അനുസരിച്ച് ഇലക്ടറല്‍ കോളെജില്‍ 782 പേരുണ്ട്. ലോകസഭയില്‍ 542 പേരും രാജ്യസഭയില്‍ 240 പേരും. ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് 427 അംഗങ്ങള്‍ ഉണ്ട്. പ്രതിപക്ഷത്തിന് 355 പേരും. (മാതൃഭൂമി)
13. നടപ്പുസാമ്പത്തിക വര്‍ഷമായ 2025-26-ല്‍ ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഏഷ്യന്‍ വികസന ബാങ്കും (എഡിബി) റേറ്റിങ് ഏജന്‍സിയായ ഇന്ത്യ റേറ്റിങ്സ് ആന്‍ഡ് റിസര്‍ച്ചും കുറച്ചു. എഡിബിയുടെ കണക്ക് അനുസരിച്ച് ഇന്ത്യ ഈ വര്‍ഷം 6.5 ശതമാനം വളര്‍ച്ച കൈവരിക്കും. നേരത്തേ 6.7 ശതമാനം എന്നാണ് കണക്കാക്കിയിരുന്നത്. ഇന്ത്യ റേറ്റിങ്സ് ആന്‍ഡ് റിസര്‍ച്ചിന്റെ അനുമാന പ്രകാരം ഇന്ത്യ 6.3 ശതമാനം വളരും. നേരത്തെ 6.6 ആയിരുന്നു. അമേരിക്കന്‍ തീരുവ സൃഷ്ടിക്കുന്ന തീരുവയുടെ അനിശ്ചിതത്വമാണ് വളര്‍ച്ചാ അനുമാനം കുറയ്ക്കാന്‍ കാരണം. (മാതൃഭൂമി)
14. വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി അഞ്ചുവിക്കറ്റ് നേട്ടം കൈവരിക്കുന്ന പ്രായംകുറഞ്ഞ പേസറെന്ന റെക്കോര്‍ഡ് വനിതാ ദേശീയ ടീമംഗമായ ക്രാന്തി ഗൗഡ് കരസ്ഥമാക്കി. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ക്രാന്തി 52 റണ്‍സിന് ആറു വിക്കറ്റ് വീഴ്ത്തി. ഇതിഹാസ താരം ജൂലന്‍ ഗോസാമിയുടെ റെക്കോര്‍ഡാണ് ക്രാന്തി മറികടന്നത്. 21 വര്‍ഷവും 345 ദിവസവും പ്രായമുള്ളപ്പോഴാണ് ക്രാന്തി റെക്കോര്‍ഡ് കരസ്ഥമാക്കിയത്. (മാതൃഭൂമി)
15. നാഷണല്‍ സ്പോര്‍ട്സ് ഗവേണന്‍സ് ബില്‍ കായിക മന്ത്രി മന്‍സൂഖ് മാണ്ഡവ്യ 2025 ജൂലൈ 23-ന് ലോകസഭയില്‍ അവതരിപ്പിച്ചു. കായിക സംഘടനകളുടെ മേല്‍നോട്ടത്തിനായി ദേശീയ കായിക ബോര്‍ഡ് രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ട്. എല്ലാ അംഗീകൃത ദേശീയ കായിക സംഘടനകളേയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തും. (മാതൃഭൂമി)
16. ലോക സര്‍വകലാശാല ഗെയിംസില്‍ വനിതകളുടെ ലോങ് ജമ്പില്‍ മലയാളി അത്ലറ്റ് ആന്‍സി സോജന് എട്ടാം സ്ഥാനം. ആന്‍സി 6.29 മീറ്റര്‍ ചാടി. (ദേശാഭിമാനി)
ജൂലൈ 25
1. ഇന്ത്യയും ബ്രിട്ടനും തമ്മില്‍ സ്വതന്ത്ര വ്യാപാര കരാര്‍ ഒപ്പിട്ടു. ഇന്ത്യ കയറ്റുമതി ചെയ്യുന്ന ഏകദേശം 99% ഇനങ്ങള്‍ക്കും തീരുവ ഇല്ലാതാകും. ബ്രിട്ടനില്‍നിന്നും ഇറക്കുമതി ചെയ്യുന്ന 90% ഉല്പന്നങ്ങള്ക്കും തീരുവ കുറയ്ക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും ബ്രിട്ടീഷ് പ്രധാനമന്ത്രി കിയ സ്റ്റാമറിന്റേയും സാന്നിദ്ധ്യത്തില്‍ വാണിജ്യകാരമന്ത്രി പീയുഷ് ഗോയലും ബ്രിട്ടീഷ് വ്യാപാരമന്ത്രി ജൊനാഥന് റെയ്നോള്‍ഡ്സും ലണ്ടനില്‍വച്ച് കരാറില്‍ ഒപ്പുവച്ചത്. ഇന്ത്യ ചരക്കുകള്‍ ഏറ്റവും കൂടുതല്‍ കയറ്റുമതി ചെയ്യുന്നത് യുഎസ്, യുഎഇ, നെതര്‍ലാന്‍ഡ്സ് എന്നീ രാജ്യങ്ങളിലേക്കാണ്. ഏറ്റവും കൂടുതല്‍ ഇറക്കുമതി ചെയ്യുന്നത് ചൈന, യുഎഇ, യുഎസ് എന്നീ രാജ്യങ്ങളില്‍നിന്നും. ഇന്ത്യയുമായുള്ള മൊത്തം വ്യാപാരം കണക്കിലെടുക്കുമ്പോള്‍ ബ്രിട്ടണ് 16-ാം സ്ഥാനമാണുള്ളത്. ഇറക്കുമതിയില്‍ ഇരുപതാമതും കയറ്റുമതിയില്‍ ആറാമതും ആണ് ബ്രിട്ടണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപം നടത്തുന്ന രാജ്യങ്ങളില്‍ ആറാമതാണ് ബ്രിട്ടണ്. 2023-24-ലെ കണക്ക് അനുസരിച്ച് ബ്രിട്ടണില്‍നിന്നും ഇന്ത്യയിലേക്ക് 841.3 കോടി ഡോളറിന്റെ ചരക്കുകള്‍ ഇറക്കുമതി ചെയ്യുമ്പോള്‍ ബ്രിട്ടണിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 1,292 കോടി ഡോളറാണ്.(മലയാള മനോരമ)
2. കേന്ദ്രസര്‍ക്കാര്‍ ദേശീയ സഹകരണ നയം പ്രഖ്യാപിച്ചു. പ്രാഥമകി കാര്‍ഷിക വായ്പ സംഘങ്ങളായ സര്‍വീസ് സഹകരണ ബാങ്കുകള്‍ വിവിധോദ്ദേശ്യ സംഘങ്ങളും. കേന്ദ്ര സഹകരണ മന്ത്രി അമിത് ഷായാണ് നയം പ്രഖ്യാപിച്ചത്.
3. ജൂണ്‍ 12-ന് നടന്ന അഹമ്മദാബാദ് വിമാനദുരന്തത്തില്‍ 260 പേര് കൊല്ലപ്പെട്ടുവെന്ന് കേന്ദ്ര സര്‍ക്കാര്‍ ലോകസഭയെ അറിയിച്ചു. 241 യാത്രക്കാരും നാട്ടുകാരായ 19 പേരും ആണ് കൊല്ലപ്പെട്ടത്.
4. ലോക മുങ്ങി മരണ നിവാരണ ദിനം- ജൂലൈ 25
5. 2024-25 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തിന്റെ മൊത്തം കടബാധ്യത 4,71,091 കോടി രൂപ. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ കടബാധ്യത 4,81,997 കോടി രൂപയായി വര്‍ദ്ധിക്കുമെന്ന് കണക്കാക്കുന്നു. (മലയാള മനോരമ)
6. ഡബ്ല്യുഡബ്ല്യുഡബ്ല്യു ഇടിക്കൂട്ടിലെ ഇതിഹാസമായ ഹള്‍ക്ക് ഹോഗന് അന്തരിച്ചു. ആറ് ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യന്‍ഷിപ്പുകളിലെ ജേതാവാണ്. 1982-ല്‍ റോക്കി സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. 2005-ല്‍ ഡബ്ല്യുഡബ്ല്യുഇ ഹാള്‍ ഓഫ് ഫെയിമില്‍ ഇടം നേടി. (മലയാള മനോരമ)
7. റഷ്യയില്‍ വിമാനാപകടത്തില്‍ 48 പേര് കൊല്ലപ്പെട്ടു. പറക്കും ട്രാക്ടര്‍ എന്ന് വിളിപ്പേരുള്ള ആന്റൊനൊവ് എന്‍24 എന്ന വിമാനമാണ് കിഴക്കന്‍ റഷ്യയില്‍ ചൈനയുടെ അതിര്‍ത്തിയിലുള്ള അമൂര്‍ മേഖലയിലെ തിന്ദ പട്ടണത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. (മലയാള മനോരമ)
8. മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേരില്‍ കാട്ടുകാശിത്തുമ്പ. പശ്ചിമഘട്ട മലനിരകളില്‍ 2021-ല്‍ മലയാളി ഗവേഷക സംഘം കണ്ടെത്തിയ കാട്ടുതുമ്പയ്ക്കാണ് ഇംപേഷ്യന്‍സ് അച്യുതാനന്ദനി എന്ന് പേരിട്ടത്. മതികെട്ടാന്‍ചോല അടക്കമുള്ള പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനായി വിഎസ് നടത്തിയ പരിശ്രമങ്ങള്‍ പരിഗണിച്ചാണ് പേര് നല്‍കിയത്. തിരുവനന്തപുരത്തെ കല്ലാര്‍ വനമേഖലയിലെ നീര്‍ച്ചോലകള്‍ക്ക് അരികില്‍നിന്നാണ് ഗവേഷസംഘം ഈ തുമ്പയെ കണ്ടെത്തിയത്. പാലക്കാട് സൈലന്റ് വാലിയിലും ഇവ കാണപ്പെടുന്നു. (മലയാള മനോരമ)
9. മധ്യ ഇസ്രായേലിലെ തിന്ഷെമെത് ഗുഹയില്‍നിന്നും 1.10 ലക്ഷം വര്‍ഷം പഴക്കമുള്ള മൃതദേഹങ്ങള്‍ കണ്ടെത്തി. പുരാതനകാലത്ത്, യൂറോപ്പില്‍നിന്നുള്ള നിയാണ്ടര്താലുകള്ക്കും ആഫ്രിക്കയില്‍നിന്നുള്ള ഹോമോസാപ്പിയന്സിനുമിടയിലെ പാലമായിരുന്നു ഇസ്രായേല്‍. (മലയാള മനോരമ)
10. മുന്‍ കേന്ദ്ര ധനകാര്യ സെക്രട്ടറി അജയ് സേഠിനെ ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡവലപ്മെന്റ് അതോറിറ്റി (ഐആര്‍ഡിഎഐ) മേധാവിയായി നിയമിച്ചു. (മലയാള മനോരമ)
11. ജോര്‍ജിയയിലെ ബാതുമിയില്‍ നടക്കുന്ന ലോകകപ്പ് വനിതാ ചെസില്‍ ഇന്ത്യന്‍ താരങ്ങളായ കൊനേരു ഹംപിയും ദിവ്യ ദേശ്മുഖു ഫൈനലില്‍ ഏറ്റുമുട്ടും. ഫിഡെ വനിതാ ചെസ് ലോകകപ്പ് ഫൈനലില്‍ കടന്ന ആദ്യ ഇന്ത്യാക്കാരിയെന്ന റെക്കോര്‍ഡ് ദിവ്യ ദേശ്മുഖിനാണ്. ദിവ്യയും ഹംപിയും ലോക വനിത ചെസ് ചാമ്പ്യയായ ജു വെന്‍ജുന്റെ എതിരാളെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടി. ആദ്യമായിട്ടാണ് ഇന്ത്യന്‍ താരങ്ങള്‍ വനിത ലോകകപ്പ് ഫൈനലിന് യോഗ്യത നേടുന്നത്. ഓപ്പണ്‍ വിഭാഗത്തില്‍ വിശ്വനാഥന് ആനന്ദ് രണ്ട് തവണ ലോകകപ്പ് നേടിയിരുന്നു. 2023-ല്‍ ആര് പ്രഗ്നാനന്ദ ലോക ഒന്നാം നമ്പര്‍ താരം മാഗ്നസ് കാള്‍സണിന് മുന്നില്‍ പരാജയപ്പെട്ടു. (മലയാള മനോരമ)
12. 2025-ലെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് വേദി യുഎഇ. വേദി യുഎഇ ആണെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് ആണ് ആതിഥേയര്‍. ഇന്ത്യയും പാകിസ്താനും അംഗീകരിച്ച ഹൈബ്രിഡ് മോഡല്‍ അനുസരിച്ച് ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരങ്ങള്‍ 2027 വരെ നിഷ്പക്ഷ വേദിയിലാണ് സംഘടിപ്പിക്കുന്നത്. (മലയാള മനോരമ)
13. ചൈന ഓപ്പണ്‍ സൂപ്പര്‍ 1000 ബാഡ്മിന്റണ്‍ വനിതാ സിംഗിള്‍സില്‍ പതിനേഴ് വയസ്സുള്ള ഇന്ത്യന്‍ താരം ഉന്നതി ഹൂഡ പി വി സിന്ധുവിനെ അട്ടിമറിച്ചു. ഉന്നതി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 2018-ല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സൈന നെഹ്വാളിനോട് പരാജയപ്പെട്ടശേഷം ആദ്യമായിട്ടാണ് സിന്ധു ഒരു രാജ്യാന്തര ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരത്തിനോട് പരാജയപ്പെടുന്നത്. (മലയാള മനോരമ)
14. കേരളത്തിലെ 95% പേര്‍ക്കും സ്വന്തമായി വീടുണ്ടെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നടത്തിയ പഠനം കണ്ടെത്തി. 2004-ല്‍ ഇത് 82.9% ആയിരുന്നു. (ദേശാഭിമാനി)
15. തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍കാലം പ്രധാനമന്ത്രി പദത്തിലിരുന്നവരില്‍ നരേന്ദ്രമോദി രണ്ടാം സ്ഥാനത്തെത്തി. ഇന്ദിരാഗാന്ധിയെയാണ് മറികടന്നത്. ഇന്ദിരാഗാന്ധി 4077 ദിവസം തുടര്‍ച്ചയായി പ്രധാനമന്ത്രിയായിരുന്നു. ജഹര്ലാല്നെഹ്റുവാണ് ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി. നെഹ്റു 6130 ദിവസങ്ങള്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്നു. നാലാം സ്ഥാനത്ത് മന്‍മോഹന്‍സിങ് ആണ്. 3655 ദിവസം അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. (മാതൃഭൂമി)
16. ലോകത്തിലെ ഏറ്റവും സുരക്ഷതമായ നഗരം അബുദാബി. 279 നഗരങ്ങളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഒമ്പതാം തവണയും അബുദാബി ഒന്നാമതെത്തി. ഓണ്‍ലൈന്‍ ഡാറ്റാബേസ് സ്ഥാപനമായ നംബിയോയുടെ 2025-ലെ അര്‍ധ വാര്‍ഷിക സുരക്ഷാ സൂചികയിലാണ് അബുദാബി ഒന്നാമതെത്തിയത്. അബുദാബിയുടെ സുരക്ഷാ സൂചിക 88.8 ആണ്. പട്ടികയില്‍ 77-ാം റാങ്കുള്ള അഹമ്മദാബാദാണ് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ നഗരം (68.6). ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യം യൂറോപ്പിലെ അന്‍ഡോറയാണ്. രണ്ടാം സ്ഥാനത്ത് യുഎഇ ആണ്. (മാതൃഭൂമി)
17. പ്രശസ്ത നേത്രരോഗ വിദഗ്ദ്ധന് ഡോ പി നമ്പെരുമാള്സാമി അന്തരിച്ചു. ചുരുങ്ങിയ ചെലവില്‍ ഏറ്റവും കൂടുതലാളുകള്‍ക്ക് നേത്ര ചികിത്സ ലഭ്യമാക്കുന്ന അരവിന്ദ് മാതൃകയുടെ പ്രയോക്താവാണ്. 2007-ല്‍ പദ്മശ്രീ ലഭിച്ചു. ടൈം മാസിക ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 പേരില്‍ ഒരാളായി 2010-ല്‍ തിരഞ്ഞെടുത്തു. മധുരയിലെ അരവിന്ദ് കണ്ണാശുപത്രിയുടെ എമരിറ്റസ് ചെയര്‍മാനാണ്. (മാതൃഭൂമി)
18. പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്ന സംസ്ഥാനം ഗോവ. ഏറ്റവും കുറഞ്ഞ പ്രതിശീര്‍ഷ വരുമാനം ബീഹാറിനാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ പ്രതിശീര്‍ഷ വരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പട്ടിക കേന്ദ്ര ധനകാര്യ മന്ത്രാലയം ലോകസഭയില്‍ സമര്‍പ്പിച്ചു. കേരളത്തിന് 11-ാം സ്ഥാനം. ഗോവ- 3.57 ലക്ഷം രൂപ, സിക്കിം- 2.92 ലക്ഷം രൂപ, ഡല്‍ഹി- 2.71 ലക്ഷം രൂപ എന്നിവയാണ് ആദ്യ മൂന്ന് സംസ്ഥാനങ്ങളും വരുമാനവും. കേരളത്തിന്റെ പ്രതിശീര്‍ഷ വരുമാനം 1,62,040 രൂപ. ഏറ്റവും പിന്നിലുള്ള ബീഹാറിന്റെ പ്രതിശീര്‍ഷവരുമാനം 32,227 രൂപ മാത്രമാണ്. പിന്നില്‍ നിന്നും രണ്ടാമതുള്ള ഉത്തര്‍പ്രദേശിന്റെ പ്രതിശീര്‍ഷ വരുമാനം 50,341 രൂപയാണ്. ദേശീയ സ്റ്റാസ്റ്റിക്കല്‍ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 1,14,710 രൂപയാണ്. സംസ്ഥാനത്തിന്റെ വരുമാനത്തെ ആകെ ജനസംഖ്യ കൊണ്ട് ഹരിച്ചാണ് പ്രതിശീര്‍ഷ വരുമാനം കണ്ടെത്തുന്നത്. (ന്യൂഏജ്)
ജൂലൈ 26
1. ജെ സി ഡാനിയേല്‍ ഫൗണ്ടേഷന്റെ ചലച്ചിത്ര പുരസ്കാരങ്ങള്‍: മികച്ച ചിത്രം- ഫെമിനിച്ചി ഫാത്തിമ, സംവിധായകന്- ചിദംബരം (മഞ്ഞുമ്മല്‍ ബോയ്സ്, നടന്- ആസിഫ് അലി, നടി- ചിന്നു ചാന്ദിനി. (മലയാള മനോരമ)
2. മത്സ്യത്തൊഴിലാളികള്‍ക്കുവേണ്ടി ഫ്ളാറ്റുകള്‍ നിര്‍മ്മിച്ചു നില്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതി- പുനര്‍ഗേഹം
3. സംസ്ഥാന ഫിഷറീസ് മന്ത്രി- സജി ചെറിയാന്
4. നോവലിസ്റ്റായ പി കേശവദേവിന്റെ സ്മരണയ്ക്കായി പി കേശവദേവ് ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പുരസ്കാരങ്ങള്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനും ഡോ ശശി തരൂരിനും ഡോ ബന്‍ഷി സാബുവിനും ലഭിച്ചു. (മലയാളമനോരമ)
5. ദേശീയ ഹരിത ഹൈഡ്രജന്‍ മിഷന്റെ ഭാഗമായി കേരളത്തില്‍ ഗ്രീന്‍ ഹൈഡ്രജന്‍ വാലി സ്ഥാപിക്കുന്നത് കൊച്ചിയിലും തിരുവനന്തപുരത്തും ആണ്. കേരളത്തില്‍ അനര്‍ട്ടിനാണ് പദ്ധതി ചുമതല. ഇന്ത്യയില്‍ പൂനെ, ഭുവനേശ്വര്‍, ജോധ്പൂര്‍ എന്നിവിടങ്ങളിലും ഗ്രീന്‍ ഹൈഡ്രജന്‍ വാലി സ്ഥാപിക്കുന്നുണ്ട്. പ്രകൃതിസൗഹൃദമായ ഗ്രീന്‍ ഹൈഡ്രജന്‍ ഇന്ധനം ഒന്നിലേറെ മേഖലകളില്‍ ഉപയോഗിക്കുന്ന പ്രദേശത്തെയാണ് ഗ്രീന്‍ ഹൈഡ്രജന്‍ വാലി എന്ന് വിളിക്കുന്നത്. (മലയാള മനോരമ)
6. മാലദ്വീപിന്റെ 60-ാം സ്വാതന്ത്ര്യദിനാഘോഷത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിശിഷ്ടാതിഥി. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 60-ാം വാര്‍ഷികം പ്രമാണിച്ച് സ്റ്റാമ്പ് പുറത്തിറക്കി. മാലദ്വീപിന് 4,850 കോടി രൂപയുടെ വായ്പ നല്കാന് മോദിയും ദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയ്സുവും തമ്മിലുള്ള ചര്‍ച്ചയില്‍ തീരുമാനമായി. (മലയാള മനോരമ)
7. ലോകസഭ സ്പീക്കര്‍- ഓം ബിര്‍ല
8. കേന്ദ്ര ആരോഗ്യമന്ത്രി- ജെ പി നദ്ദ
9. പാലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി അംഗീകരിക്കാന്‍ ഫ്രാന്‍സ് തീരുമാനിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോ ഇതുസംബന്ധിച്ച് പലസ്തീന് പ്രസിഡന്റ് മഹമൂദ് അബ്ബാസിന് കത്തെഴുതി. പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുന്ന ആദ്യത്തെ യൂറോപ്യന്‍ വന്‍ശക്തിയാണ് ഫ്രാന്‍സ്. യൂറോപ്പില്‍ മുസ്ലിം ജൂത വംശജര്‍ ഏറ്റവുമധിം ഉള്ളത് ഫ്രാന്‍സിലാണ്. (മലയാള മനോരമ)
10. ജഗ്ദീപ് ധന്‍കര്‍ രാജിവച്ചതിനെ തുടര്‍ന്ന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിന്റെ റിട്ടേണിങ് ഓഫീസറായി രാജ്യസഭ സെക്രട്ടറി ജനറല്‍ പി സി മോദിയെ നിയമിച്ചു. നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ ഉള്‍പ്പെടെയുള്ള രാജ്യസഭാംഗങ്ങള്‍ക്കും ലോകസഭയിലെ അംഗങ്ങള്‍ക്കും ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ അവകാശമുള്ള ഇലക്ട്രല്‍ കോളെജില്‍ അംഗങ്ങളായുള്ളത്. ഇന്ത്യയുടെ 16-ാമത് ഉപരാഷ്ട്രപതിയായിരുന്നു ജഗ്ദീപ് ധന്‍കര്‍. (മലയാളമനോരമ)
11. ജൂലൈ 26- കാര്‍ഗില്‍ വിജയദിനം
12. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജന്‍ ഇന്ധന ട്രെയിന്‍ എഞ്ചിന് പരീക്ഷണയോട്ടം ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നടത്തി. 1200 എച്ച്പി ശേഷിയുള്ള എഞ്ചിനാണ് പരീക്ഷിച്ചത്. (മലയാളമനോരമ)
13. കേന്ദ്ര റെയില്‍വേ മന്ത്രി- അശ്വിനി വൈഷ്ണവ്
14. ആളില്ലാ വിമാനത്തിൽനിന്നും തൊടുക്കാവുന്ന മിസൈൽ പരീക്ഷിച്ചു. ഡിആർഡിഒ വികസിപ്പിച്ച പ്രിസിഷൻ ഗൈഡഡ് മിസൈൽ (യുഎൽപിജിഎം) വി-3 ആന്ധ്രാപ്രദേശിലെ കർണൂലിലെ നാഷണൽ ഓപ്പൺ ഏരിയ റേഞ്ചിൽ ആണ് പരീക്ഷിച്ചത്. രാത്രിയിലും പകലും ഉപയോഗിക്കാൻ സാധിക്കും. (മലയാളമനോരമ)
15. കേന്ദ്ര പ്രതിരോധ മന്ത്രി- രാജ്നാഥ് സിങ്
16. ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ (ഇഗ്നോ) വൈസ് ചാന്‍സലറായി ഉമ കാംജിലാലിനെ നിയിച്ചു. ആദ്യമായിട്ടാണ് ഇഗ്നോയില്‍ വനിത വൈസ് ചാന്‍സലര്‍ ആകുന്നത്. (മലയാള മനോരമ)
17. ഇന്ത്യന്‍ വനിതാ താരം വേദ കൃഷ്ണമൂര്‍ത്തി രാജ്യാന്തര ക്രിക്കറ്റില്‍നിന്നും വിരമിച്ചു. ഇന്ത്യയ്ക്കുവേണ്ടി 48 ഏകദിനങ്ങളിലും 76 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്. (മലയാള മനോരമ)
18. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോര്‍ഡ് ഇംഗ്ലണ്ടിന്റെ താരമായ ജോ റൂട്ട് സ്വന്തമാക്കി. 157 മത്സരങ്ങളില്‍നിന്നും 13,409 റണ്‍സെടുത്തിട്ടുള്ള റൂട്ടിന് മുന്നില്‍ ഇന്ത്യയുടെ ഇതിഹാസ താരം സച്ചിന് ടെണ്ടുല്‍ക്കറാണുള്ളത്. സച്ചിന് 200 മത്സരങ്ങളില്‍നിന്നും 15921 റണ്‍സാണ് എടുത്തിട്ടുള്ളത്. ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ജോ റൂട്ട് സെഞ്ച്വറി (150) നേടി. റൂട്ടിന്റെ 38-ാം ടെസ്റ്റ് സെഞ്ച്വറിയാണിത്. (മലയാല മനോരമ)
19. ലോക സര്‍വകലാശാല ഗെയിംസിലെ അമ്പെയ്ത്ത് വിഭാഗത്തില്‍ ഇന്ത്യയ്ക്ക് ഒരു സ്വര്‍ണമടക്കം മൂന്ന് മെഡലുകള്‍ ലഭിച്ചു. മിക്സഡ് കോംപൗണ്ട് വിഭാഗത്തില്‍ പര്‍ണീത് കൗര്‍- കുശാല്‍ ദലാല്‍ സഖ്യമാണ് സ്വര്‍ണം നേടിയത്. പുരുഷന്മാരുടെ കോംപൗണ്ട് ടീം ഇനത്തില്‍ വെള്ളിയും വനിതാ ടീം ഇനത്തില്‍ വെങ്കലവും നേടി. ഗെയിംസില്‍ ഇന്ത്യ ഇതുവരെ അഞ്ച് മെഡലുകള്‍ നേടി. (മലയാള മനോരമ)
20. മലബാര്‍ റിവര്‍ ഫെസ്റ്റ് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പ് വേദി കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴ. (മലയാള മനോരമ)
21. രാജസ്ഥാനിലെ ഝാലാവാഡ് ജില്ലയിലെ പിപ്ലോഡയില് സര്‍ക്കാര്‍ സ്കൂള്‍ തകര്‍ന്ന് ഏഴ് കുട്ടികള്‍ കൊല്ലപ്പെട്ടു (മലയാളമനോരമ)
22. കെഎസ്ആര്‍ടിസിയില്‍ എഡിഇ തസ്തികയില്‍ നിയമിതായ വനിത- ഒ പി ബെന്‍സി. (ദേശാഭിമാനി)
23. ഇന്ത്യയുടെ സമുദ്രയാന്‍ ദൗത്യത്തിലെ പേടകമായ മത്സ്യ 6000 വികസിപ്പിക്കാന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യന്‍ ടെക്നോളജിയും തിരുവനന്തപുരം വി എസ് സി സിയും തമ്മില്‍ ധാരണ. സമുദ്രത്തില്‍ ആറ് കിലോമീറ്റര്‍ ആഴത്തില്‍ പര്യവേഷണം നടത്തുന്ന ദൗത്യമാണ് സമുദ്രയാന്‍. പേടകത്തിന്റെ കവചം നിര്‍മ്മിക്കുന്നത് ടൈറ്റാനിയം അലോയ് ഉപയോഗിച്ചാണ്. മൂന്ന് പേര്‍ക്ക് സഞ്ചരിക്കാം. (ദേശാഭിമാനി)
24. രാജ്യാന്തര കണ്ടല്‍ ദിനം- ജൂലൈ 26
25. പ്രശസ്ത കാലാവസ്ഥ ശാസ്ത്രജ്ഞയായ സുലോചന ഗാഡ്ഗില്‍ അന്തരിച്ചു. പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന് പ്രൊഫ മാധവ് ഗാഡ്ഗില്ലിന്റെ ഭാര്യയാണ്. (മാതൃഭൂമി)
26. ഐ എസ് ആര് ഒ ചെയര്മാന്- വി നാരായണന്
27. പുരുഷന്മാരുടെ പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോര്‍ഡ് ദേവ് കുമാര്‍ മീണ പുതുക്കി. ജര്‍മ്മനിയില്‍ നടക്കുന്ന ലോക സര്‍വകലാശാല ഗെയിംസില്‍ മീണ 5.40 മീറ്റര്‍ ഉയരം ചാടി. (മാതൃഭൂമി)
ജൂലൈ 27
1. ബൽജിയൻ ഗ്രാൻപ്രി ഫോർമുല വൺ കാറോട്ട മത്സരത്തിലെ സ്പ്രിന്റ് റേസിൽ റെഡ്ബുളിന്റെ മാക്സ് വെർസ്റ്റപ്പന് വിജയം. (മലയാള മനോരമ)
2. ട്വി20 ക്രിക്കറ്റില്‍ ഒരു ഓസ്ട്രേലിയന്‍ താരത്തിന്റെ അതിവേഗ സെഞ്ച്വറി എന്ന റെക്കോര്‍ഡ് ടിം ഡേവിഡ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ അദ്ദേഹം 37 പന്തില്‍ പുറത്താകാതെ 102 റണ്‍സെടുത്തു. ടിമ്മിന്റെ ആദ്യ രാജ്യാന്തര സെഞ്ച്വറി ആണിത്. (മലയാള മനോരമ)
3. ഒരു ടെസ്റ്റ് മത്സരത്തില്‍ സെഞ്ച്വറിയും 5 വിക്കറ്റും നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനും നാലാമത്തെ ഇംഗ്ലീഷ് താരവും എന്ന റെക്കോര്‍ഡുകള്‍ ബെന്‍ സ്റ്റോക്സ് സ്വന്തമാക്കി. ടോണി ഗ്രെയ്ഗ്, ഇയാന്‍ ബോതം (അഞ്ച് തവണ), ഗസ് അറ്റ്കിന്സന് എന്നിവരാണ് ഈ നേട്ടം കൈവരിച്ചത്. ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് സ്റ്റോക്സിന്റെ നേട്ടം. (മലയാളമനോരമ)
4. ഇന്തോനേഷ്യയിലെ ജക്കാര്‍ത്തയില്‍ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് രണ്ട് വെങ്കല മെഡലുകള്‍ ലഭിച്ചു. വനിത സിംഗിള്‍സില്‍ തന്വി ശര്‍മ്മയും വെന്നല കലഗോട്കലയും സെമി ഫൈനലില്‍ പരാജയപ്പെട്ടുവെങ്കിലും ഇരുവര്‍ക്കും വെങ്കലമെഡലുകള്‍ ലഭിച്ചു. (മലയാളമനോരമ)
5. സംസ്ഥാന ചലച്ചിത്ര വികസന കോര്പറേഷന് (കെഎസ്എഫ്ഡിസി) ചെയര്‍മാനായി സംവിധായകന് കെ മധുവിനെ നിയമിച്ചു. ഷാജി എന്‍ കരുണിന്റെ നിര്യാണത്തെ തുടര്‍ന്നാണ് നിയമനം. (മലയാള മനോരമ)
6. മികച്ച പാര്ലമെന്റേറിയന്മാര്ക്ക് പ്രൈം പോയിന്റ് ഫൗണ്ടേഷന് നല്കുന്ന സന്‍സദ് രത്ന പുരസ്കാരം എന്‍ കെ പ്രേമചന്ദ്രന് അടക്കം 17 പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് സമ്മാനിച്ചു. (മലയാളമനോരമ)
7. മാനസികാരോഗ്യത്തിനുള്ള അവകാശം ജീവിക്കാനും അന്തസ്സിനുമുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രീംകോടതി. (ദേശാഭിമാനി)
8. ഓപ്പണ്‍ എഐ സിഇഒ- സാം ഓള്ട്ട്മാന്
9. പുരുഷ യൂത്ത് ഏകദിനത്തില്‍ ആദ്യ ഇരട്ട സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ ജോറിച്ച് വാന്‍ സ്കാല്വിക് നേടി. സിംബാബ്വേയ്ക്ക് എതിരായ അണ്ടര്‍ 19 മത്സരത്തില്‍ ജോറിച്ച് 153 പന്തില്‍നിന്നും 215 റണ്‍സ് നേടി. (മാതൃഭൂമി)
10. എബോള, കോവിഡ് 19, പക്ഷിപ്പനി തുടങ്ങിയ മഹാമാരികളെ നേരിടാനുള്ള ലോകാരോഗ്യസംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ ബ്രിട്ടീഷുകാരനായ ഡോക്ടര്‍ ഡോ ഡേവിഡ് നബാരോ (75) അന്തരിച്ചു. (മാതൃഭൂമി)
ജൂലൈ 28
1. സംസ്ഥാന സര്‍ക്കാരിന്റെ ഇന്റര്‍നെറ്റ് സേവനം- കെ ഫോണ്‍
2. സംസ്ഥാന ചീഫ് സെക്രട്ടറി- ഡോ എ ജയതിലക്
3. ഹരിദ്വാറിലെ മാനസദേവി ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലുംപെട്ട് ആറുപേര്‍ കൊല്ലപ്പെട്ടു. (മലയാളമനോരമ)
4.തമിഴ്നാട്ടില്‍ നായ്ക്കള്‍ക്ക് ദയാവധം നല്കാന് തീരുമാനിച്ചു. നേരത്തെ കേരളത്തിലും ദയാവധം നല്കാന് തീരുമാനിച്ചിരുന്നു. (മലയാളമനോരമ)
5. പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും മെയിന്‍ സ്ട്രീം വാരികയുടെ പത്രാധിപരുമായിരുന്ന സുമിത് ചക്രവര്‍ത്തി അന്തരിച്ചു. (മലയാളമനോരമ)
6. പാകിസ്താന്, ചൈന അതിര്‍ത്തികളില്‍ സൈനിക സംവിധാനം കൂടുതല്‍ ശക്തമാക്കുന്നതിനായി കരസേന രുദ്ര ബ്രിഗേഡും ഭൈരവ കമാന്‍ഡോ ബറ്റാലിയനും രൂപീകരിക്കും. ശക്തിബാന്‍ ആര്‍ട്ടിലറി റെജിമെന്റ്, ദിവ്യാസ്ത്ര ബാറ്ററി, ഡ്രോണ്‍ ബറ്റാലിയന്, തദ്ദേശീയ വ്യോമ പ്രതിരോധ സംവിധാനം തുടങ്ങിയവയും നടപ്പിലാക്കും. (മലയാളമനോരമ)
7. കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി
8. കാനഡയിലെ മോണ്ട്രിയോളില് നടന്ന മിസ് നോര്‍ത്ത് അമേരിക്ക 2025 മത്സരത്തില്‍ കോഴിക്കോട്ടുകാരിയായ ചിത്ര കെ മേനോന് ഫസ്റ്റ് റണ്ണേഴ്സ് അപ്പായി. (മലയാളമനോരമ)
9. ആകാശ ഗംഗയില്‍ 28,000 പ്രകാശവര്‍ഷം അകലെ സ്ഥിതി ചെയ്യുന്ന ജി ആര്‍എസ് 1915+105 എന്ന തമോഗര്‍ത്തത്തില്‍ അതിശക്തമായ എക്സ്റേ മിന്നല്‍ ഉണ്ടാകുന്നതായി ഇന്ത്യയുടെ ബഹിരാകാശ ദൂരദര്ശിനിയ ആസ്ട്രോസാറ്റ് ഉപഗ്രഹം കണ്ടെത്തി. ഭൂമിയും സൂര്യനും ഉള്‍പ്പെടുന്ന നക്ഷത്ര സമൂഹമാണ് ആകാശഗംഗ. സൂര്യന്റെ 12 ഇരട്ടി പിണ്ഡവും ഒരു കോടി ഡിഗ്രി സെല്‍ഷ്യസ് ചൂടും ഈ തമോഗര്‍ത്തത്തിന് ഉണ്ട്. സൂര്യന്റെ പുറംഭാഗത്തെ താപനില 6000 ഡിഗ്രി സെല്‍ഷ്യസ് മാത്രമാണ്. (മലയാളമനോരമ)
10. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ പുനരാരംഭിക്കുന്ന ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനം- ഇ കാണിക്ക (മലയാളമനോരമ)
11. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ഇതിഹാസങ്ങള്‍ക്കൊപ്പം. ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഡോണ്‍ ബ്രാഡ്മാനും ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്കര്ക്കുമൊപ്പം. ക്യാപ്റ്റനായി അരങ്ങേറിയ പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന റെക്കോര്‍ഡും ഗില്‍ സ്വന്തമാക്കി. (മലയാളമനോരമ)
12. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് മത്സരം സമനിലയില്‍. ഇന്ത്യയ്ക്കുവേണ്ടി രണ്ടാമിന്നിങ്സില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (103), രവീന്ദ്ര ജഡേജ (107), വാഷിങ്ടണ്‍ സുന്ദര്‍ (101) എന്നിവര്‍ സെഞ്ച്വറി നേടി. (മലയാള മനോരമ)
13. ബല്‍ജിയന്‍ ഗ്രാന്‍പ്രീ ഫോര്‍മുല വണ്‍ കറോട്ടമത്സരത്തില് മക്ലാരന് ഡ്രൈവര്‍ ഓസ്കാര്‍ പിയാസ്ട്രി ജേതാവായി. (മലയാള മനോരമ)
14. ലോക യൂണിവേഴ്സിറ്റി ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യയ്ക്ക് അഞ്ചാം മെഡല്‍ ലഭിച്ചു. പുരുഷന്മാരുടെ കോംപൗണ്ട് വ്യക്തിഗത ഇനത്തില്‍ സഹില്‍ ജാദവ് സ്വര്‍ണം നേടി. (മലയാള മനോരമ)
15. മലബാര്‍ റിവര്‍ഫെസ്റ്റ് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കങ്ങില് റാപ്പിഡ് രാജാവായി റഷ്യക്കാരന് റയാന് ഒ കോണറും റാപ്പിഡ് റാണിയായി ന്യൂസിലന്‍ഡുകാരി റാറ്റ ലോവല്‍ സ്മിത്തും തിരഞ്ഞെടുക്കപ്പെട്ടു. (മലയാള മനോരമ)
16. ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് വനിതാ ഫുട്ബോളില്‍ നൈജീരിയ ജേത്രികളായി. മൊറോക്കൊയെ 3-2-ന് പരാജയപ്പെടുത്തി. (മലയാള മനോരമ)
17.മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ സംസ്ഥാന കമ്മിറ്റി അംഗവും കവയത്രിയുമായിരുന്ന ബിയാട്രീസ് ഗോമസിന്റെ പേരിലുള്ള പുരസ്കാരം വിനോദ് വൈശാഖ്. (ദേശാഭിമാനി)
18. ലോക പ്രകൃതി സംരക്ഷണ ദിനം- ജൂലൈ 28
19. ചോള രാജാവായിരുന്ന രാജേന്ദ്രചോളന് ഒന്നാമന്റെ സ്മരണാര്‍ത്ഥം 1000 രൂപയുടെ നാണയം പ്രധാനമന്ത്രി നരേന്ദ്രമോദി അരിയല്ലൂര്‍ ഗംഗൈകൊണ്ട ചോളപുരം ക്ഷേത്രത്തില്‍വച്ച് പുറത്തിറക്കി. (ദേശാഭിമാനി)
20. സംഗീത സംവിധായകന് എം ജി രാധാകൃഷ്ണന്റെ സ്മരണാര്‍ത്ഥം തിരുവനന്തപുരത്ത് പാര്‍ക്ക് സ്ഥാപിക്കുന്നു. അദ്ദേഹത്തിന്റെ പ്രതിമി പാര്‍ക്കില്‍ സ്ഥാപിക്കും. (മലയാള മനോരമ)
21. ഇന്ത്യന്‍ വനിതാ ഫുട്ബോള്‍ താരം ഹര്‍ഷിക ജെയ്ന്‍ യൂറോപ്യന്‍ ക്ലബില്‍ അംഗമായി. ഗോകുലം കേരള എഫ് സിയുടെ വനിതാ ടീമില്‍ അംഗമായിരുന്ന ഹര്‍ഷിക റൊമാനിയ വനിത ഫുട്ബോള്‍ ഒന്നാം ഡിവിഷന് ക്ലബായ സി എസ് അത്ലറ്റിക് ഒളിമ്പിയ ഗേര്ലയിലാണ് അംഗമായത്. ബാലാദേവി, മനീഷാ കല്യാണ്‍, അദിതി ചൗഹാന് എന്നീ ഇന്ത്യന്‍ വനിതാ താരങ്ങള്‍ യൂറോപ്യന്‍ ക്ലബില്‍ മുമ്പ് പ്രവേശനം നേടിയിട്ടുണ്ട്. ഇംഗ്ലീഷ് ലീഗില്‍ കളിച്ച ആദ്യ വനിതായണ് അദിതി ചൗഹാന്. അദിതി ഇംഗ്ലീഷ് ക്ലബ്ബ് വെസ്റ്റ് ഹാം യുണൈറ്റഡിനുവേണ്ടിയാണ് കളിച്ചിട്ടുള്ളത്. ബാലാദേവി സ്കോട്ടിഷ് ക്ലബ് റേഞ്ചേഴ്സിനുവേണ്ടിയാണ് കളിച്ചിട്ടുണ്ട്. ചാമ്പ്യന്‍സ് ലീഗില്‍ കളിച്ച ആദ്യ ഇന്ത്യന്‍ താരമാണ് മനീഷ കല്യാണ്‍. ഇപ്പോള്‍ ഗ്രീക്ക് ക്ലബ് പാവോക്കില് കളിക്കുന്നു. (മാതൃഭൂമി)
ജൂലൈ 29
1. വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യക്കാരിയായ ദിവ്യ ദേശ്മുഖിന്. വനിതാ ചെസ് ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് 19 വയസ്സുകാരിയായ ദിവ്യ ദേശ്മുഖ്. ആദ്യമായിട്ടാണ് വനിതാ ലോകകപ്പ് കിരീടം ഒരു ഇന്ത്യാക്കാരി നേടുന്നത്. ജോര്‍ജിയയിലെ ബാത്തൂമിയില് ആണ് ലോകകപ്പ് മത്സരങ്ങള്‍ നടന്നത്. ഫൈനലിന്റെ ആദ്യ രണ്ട് മത്സരങ്ങളും സമനിലയില്‍ ആയതിനെ തുടര്‍ന്ന് നടത്തി ടൈബ്രേക്കറില്‍ ഇന്ത്യക്കാരിയായ കൊനേരു ഹംപിയെ ദിവ്യ പരാജയപ്പെടുത്തി. വിജയത്തോടെ ദിവ്യ ഇന്ത്യയുടെ 88-ാം ഗ്രാന്‍ഡ്മാസ്റ്ററായി. ഗ്രാന്‍ഡ്മാസ്റ്റര്‍ പദവി നേടുന്ന നാലാമത്തെ ഇന്ത്യന്‍ വനിതയാണ് ദിവ്യ. കൊനേരു ഹംപി, ഡി ഹരിക, വൈശാലി രമേഷ് ബാബു എന്നിവരാണ് മറ്റ് മൂന്നുപേര്‍. 2013-ല്‍ ഏഷ്യന്‍ യൂത്ത് ചെസ് സ്വര്‍ണം, 2019-ല്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണം, 2022-ല്‍ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2020-ല്‍ ഓണ്‍ലൈന്‍ ചെസ് ഒളിമ്പ്യാഡ് സ്വര്‍ണം, 2023-ല്‍ ഏഷ്യന്‍ വനിതാ ചെയസ് ചാമ്പ്യന്‍ഷിപ്പ്, 2024-ല്‍ ചെസ് ഒളിമ്പ്യാഡ് ടീം ഇനത്തില്‍ സ്വര്‍ണം, 2024-ല്‍ ചെസ് ഒളിമ്പ്യാഡ് വ്യക്തിഗത സ്വര്‍ണം എന്നിവ ദിവ്യ നേരത്തെ നേടിയിട്ടുണ്ട്. ഫൈനലില്‍ എത്തിയതോടെ ദിവ്യയും ഹംപിയും നിലവിലെ ലോക വനതാ ചെസ് ചാമ്പ്യനായ ജു വെന്ജുവിനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാന്‍ഡിഡേറ്റ്സ് ചെസ് ടൂര്ണമെന്റിലേക്ക് യോഗ്യത നേടി. ചെസ് ഇതിഹാസം ഇന്ത്യക്കാരനായ വിശ്വനാഥന് ആനന്ദ് റണ്ട് വട്ടം ലോകകപ്പ് വിജയിച്ചിട്ടുണ്ട്. (മലയാള മനോരമ)
2. ഛത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ്
3. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഷിം മൂസയെ ഓപ്പറേഷന് മഹാദേവിലൂടെ ഇന്ത്യന്‍ സൈന്യം ജമ്മുകശ്മീരിലെ ദച്ചിന്‍ഗാമിലെ ലഡ്വാസയിലെ വനമേഖലയില്‍ വധിച്ചു. (മലയാള മനോരമ)
4. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്കാന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം കേരളത്തില്‍ രൂപീകരിച്ച കമ്മിറ്റിയാണ് ജസ്റ്റിസ് എസ് സിരിജഗന് കമ്മിറ്റി. (മലയാള മനോരമ)
5. സ്ത്രീകളെ ഏറ്റവും അധികം ബാധിക്കുന്ന ഗര്‍ഭാശയഗള കാന്‍സര്‍ പ്രതിരോധിക്കുന്നതിനായി കേരളത്തിലെ പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ത്ഥിനികള്‍ക്ക് എച്ച്പിവി വാക്സിന് നല്‍കും. (മലയാളമനോരമ)
6. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാര്‍
7. മറാഠി എഴുത്തുകാരി ശുഭാംഗി ഭഡ്ഭഡെ (80) അന്തരിച്ചു. (മലയാള മനോരമ)
8. ഇന്ത്യന്‍ ഗ്രാന്‍ഡ്മാസ്റ്റര്‍ പി ഇനിയന് ഫ്രാന്‍സിലെ എക്സോണ്‍ പ്രവിശ്യയില്‍ നടന്ന ഡോള്‍ ഓപ്പണ്‍ രാജ്യാന്തര ചെസ് കിരീടം. (മലയാളമനോരമ)
9. വനിത യൂറോ കപ്പ് ഫുട്ബോളില്‍ ഇംഗ്ലണ്ട് ചാംപ്യന്മാരായി. സ്പെയിനിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കി. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഇംഗ്ലണ്ട് കിരീടം നേടുന്നത്. യൂറോ കപ്പ് മത്സര വേദി സ്വിറ്റ്സര്‍ലന്‍ഡ് ആയിരുന്നു. (മലയാളമനോരമ)
10. 2024 ജൂലൈ 30-ന് ഉണ്ടായ ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍ മരിച്ചവരെ സംസ്കരിച്ച പുത്തുമലയിലെ പൊതുശ്മശാനത്തിന് ജൂലൈ 30-ഹൃദയഭൂമി എന്ന് പേരിട്ടു. ഇവിടെ ഉരുള്‍ സ്മാരകവും ഗവേഷണ കേന്ദ്രവും സ്ഥാപിക്കും. (ദേശാഭിമാനി)
11. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ സ്മരാണര്‍ത്ഥം തിക്കുറിശ്ശി ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ ചലച്ചിത്ര രത്ന പുരസ്കാരം നടന് ശ്രീനിവാസനും നടി മല്ലിക സുകുമാരനും. ഫൗണ്ടേഷന്റെ മറ്റ് അവാര്‍ഡുകള്‍- മികച്ച ചിത്രം ആടുജീവിതം, മികച്ച നടന് പൃഥ്വിരാജ് (ആടുജീവിതം), മികച്ച നടി പാര്‍വതി തിരുവോത്ത് (ഉള്ളൊഴുക്ക്), മികച്ച സംവിധായകന് ബ്ലെസി (ആടുജീവിതം). (മാതൃഭൂമി)
12. ലോക സര്‍വകലാശാല ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ട് സ്വര്‍ണം അടക്കം 12 മെഡലുകള്‍ ലഭിച്ചു. മെഡല്‍ പട്ടികയില്‍ 20-ാം സ്ഥാനത്താണ് ഇന്ത്യ. (മാതൃഭൂമി)
13. വിദൂരത്തിലുള്ള യുദ്ധസ്ഥലത്തെക്കുറിച്ച് കൃത്യമായി അറിയാനും പ്രതികരിക്കാനും നിര്‍മ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്തുന്ന ദിവ്യദൃഷ്ടിയെന്ന സംവിധാനം ഇന്ത്യയുടെ കരസേന പരീക്ഷിച്ചു. (മാതൃഭൂമി)
ജൂലൈ 30
1. ജൂലൈ 30- ലോക മനുഷ്യക്കടത്ത് വിരുദ്ധ ദിനം
2. ദക്ഷിണേന്ത്യന്‍ സാഹിത്യത്തിലെ മികച്ച സംഭാവനകള്‍ക്ക് നല്കുന്ന ബുക്ക് ബ്രഹ്മ പുരസ്കാരം – 2025 കെ ആര് മീരയ്ക്ക് ലഭിച്ചു. (മലയാള മനോരമ)
3. ജനസംഖ്യ ശാസ്ത്ര ഗവേഷണത്തിനുള്ള ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ ദ് സയിന്റിഫിക് സ്റ്റഡി ഓഫ് പോപ്പുലേഷന്റെ മാറ്റി ഡോഗണ്‍ പുരസ്കാരം മലയാളിയായ ഡോ കെ ജി സന്ധ്യയ്ക്ക് ലഭിച്ചു. 3500 ഡോളറാമ് സമ്മാനത്തുക. ഈ ബഹുമതി നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ് സന്ധ്യ. (മലയാള മനോരമ)
4. റജിസ്റ്റേഡ് തപാൽ സർവീസ് കേന്ദ്ര തപാൽ വകുപ്പ് നിർത്തലാക്കുന്നു. സെപ്തംബർ 1 മുതൽ ആഭ്യന്തര റജിസ്റ്റേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റുമായി ലയിപ്പിക്കും. (മലയാളമനോരമ)
5. മാനവ വികസന സൂചികയുടെ സ്രഷ്ടാക്കളിൽ ഒരാളായ ഇന്ത്യൻ വംശജനായ വിഖ്യാത സാമ്പത്തിക ശാസ്ത്രജ്ഞനും ബ്രിട്ടനിലെ പ്രഭു സഭാംഗവുമായ മേഘനാഥ് ദേശായി (85) അന്തരിച്ചു. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെ മുൻ അധ്യാപകനായ ദേശായി മാർക്സിയൻ ഇക്കണോമിക്സിൽ വിദഗ്ദ്ധനാണ്. ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ സെന്റർ ഫോർദ് സ്റ്റഡി ഓഫ് ഗ്ലോബൽ ഗവേണൻസ് സ്ഥാപിച്ചു. 2008-ൽ പത്മഭൂഷൺ ലഭിച്ചു. (മലയാള മനോരമ)
6. അമേരിക്കയുടെ കാറ്റി ലെഡക്കി ലോക നീന്തൽ ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ മെഡലുകൾ നേടിയ വനിതാ താരമായി. ആകെ 28 മെഡലുകൾ നേടി. ഇതിൽ 22 എണ്ണം സ്വർണ മെഡലുകളാണ്. കാത്തി ഒമ്പത് സ്വർണം അടക്കം 14 ഒളിമ്പിക് മെഡലുകൾ നേടിയിട്ടുണ്ട്. ലോക ചാമ്പ്യൻഷിപ്പിൽ 33 മെഡലുകൾ നേടിയിട്ടുള്ള മൈക്കൽ ഫെൽപ്സ് ആണ് ഏറ്റവും കൂടുതൽ മെഡലുകൾ നേടിയിട്ടുള്ള പുരുഷ താരം. (മലയാള മനോരമ)
7. ഇന്ത്യയുടെ വ്യാവസായികോല്‍പ്പാദന വളര്‍ച്ച ജൂണില്‍ 1.5 ശതമാനമായി കുറഞ്ഞുവെന്ന് ദേശീയ സ്ഥിതി വിവരക്കണക്ക് ഓഫീസ് (എന്‍എസ്ഒ). (ദേശാഭിമാനി)
8. ബൗദ്ധിക വെല്ലുവിളി നേരിടുന്നവരുടെ സമഗ്ര വികസനത്തിനായി സംസ്ഥാന സർക്കാർ അംഗീകരിച്ച കരിക്കുലത്തിന്റെ അടിസ്ഥാനത്തിൽ തൊഴിൽ പരിശീലനം, നൈപുണ്യ വികസനം എന്നിവ നൽകുന്നതിനായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതി- പ്രചോദനം
9. പ്രോക്ടർ ആൻഡ് ഗാംബിൾ എന്ന ആഗോള എഫ്എംസിജി കമ്പനിയുടെ പ്രസിഡന്റും സിഇഒയുമായി ഇന്ത്യക്കാരനായ ശൈലഷ് ജ്ജെുരിക്കർ നിയമിതനായി. (മാതൃഭൂമി)
10. ആഗോള കമ്പനികളുടെ മേധാവികളായിരിക്കുന്ന ഇന്ത്യക്കാർ
- സത്യ നാദെല്ല- മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയും
- സുന്ദർ പിച്ചൈ- ഗൂഗിൾ, ആൽഫബെറ്റിന്റെ സിഇഒ
- ശന്തനു നാരായണൻ- അഡോബി ചെയർമാനും സിഇഒയും
- അരവിന്ദ് കൃഷ്ണ- ഐബിഎം ചെയർമാൻ, പ്രസിഡന്റ്, സിഇഒ
- വസന്ത് നരസിംഹൻ- നൊവാർടിസ്, സിഇഒ
- രേഷ്മ കെവൽ രമണി- വെർടെക്സ്, സിഇഒയും പ്രസിഡന്റും
- സഞ്ജയ് മെഹ്രോത്ര- മൈക്രോൺ ടെക്നോളജി, സിഇഒ, ചെയർമാൻ, പ്രസിഡന്റ്
- അനിരുദ്ധ് ദേവ്ഗൻ- സീഡെൻസ് സിഇഒയും പ്രസിഡന്റും
- ലീന നായർ- ചാനൽ, ഗ്ലോബൽ സിഇഒ
- രാജ് സുബ്രഹ്മണ്യം- ഫെഡെക്സ് സിഇഒ